ഒഴിവാക്കാറായ കോച്ചുമായി സില്‍ച്ചര്‍ എക്‌സ്പ്രസ് കുതിച്ചെത്തിയത് 3572 കിലോമീറ്റര്‍
ചെറുതുരുത്തി: റെയില്‍മേഖലയില്‍ കോടികളുടെ വികസനവും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതായി കേന്ദ്ര ഭരണകൂടം വലിയ വായില്‍ പ്രഖ്യാപിയ്ക്കുമ്പോഴും കേരളത്തിനു റെയില്‍വേ വകുപ്പ് സമ്മാനിക്കുന്നത് കാളവണ്ടിയുഗം. ഒഴിവാക്കാറായ കോച്ചുകളും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത റെയില്‍വേ സ്റ്റേഷനുകളും സംസ്ഥാനത്തിന്റെ തീരാശാപമാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് പാഞ്ഞെത്തുന്ന എക്‌സ്പ്രസ് ട്രെയിനുകളുടെ അവസ്ഥ അതിദയനീയമാണ്. കഴിഞ്ഞ ദിവസം ആസാമിലെ സില്‍ച്ചറില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കു വരികയായിരുന്ന സില്‍ച്ചര്‍ എക്‌സ്പ്രസ് വന്‍ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ലോക്കോ പൈലറ്റിന്റെ അനുഭവസമ്പത്തും നിരവധി യാത്രക്കാരുടെ ഭാഗ്യവുമാണ് വന്‍ദുരന്തം അകറ്റിയത്. പൊട്ടിപ്പൊളിഞ്ഞ് തുരുമ്പെടുത്ത നിരവധി കോച്ചുകളുമായി ആസാമില്‍ നിന്ന് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍വരെ രണ്ടു ദിവസവും 21 മണിക്കൂറും കൊണ്ട് 3572 കിലോമീറ്ററാണു ട്രെയിന്‍ ഓടിയെത്തിയത്. ഷൊര്‍ണൂര്‍ ജങ്ഷനിലെത്തിയപ്പോഴേക്കും ട്രെയിനിന്റെ 11 ാം നമ്പര്‍ കോച്ച് ആകെ തകരാന്‍ തുടങ്ങി. ട്രെയിന്‍ ഓടുമ്പോള്‍ അപാകത ശ്രദ്ധയില്‍പെട്ട ലോക്കോ പൈലറ്റ് വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനില്‍ സിഗ്‌നല്‍ ലഭിക്കാതെ നിര്‍ത്തിയപ്പോള്‍ പ്രശ്‌നം ഉന്നത അധികൃതര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്നു നടന്ന പരിശോധനയിലാണ് 11 ാം നമ്പര്‍ സ്ലീപ്പര്‍ കോച്ച് നെടുകെ പിളര്‍ന്നതായി കണ്ടെത്തിയത്.
വാതിലിനു സമീപം സീറ്റുകള്‍ ആരംഭിക്കുന്ന ഭാഗത്തായിരുന്നു വിള്ളല്‍. റെയില്‍ പാളത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയായിരുന്നു വന്നിരുന്നത്. ഇതാണ് വലിയ ദുരന്തം ഒഴിവാക്കിയത്.
തകര്‍ന്ന ബോഗി സ്‌റ്റേഷനില്‍ മാറ്റിയിട്ടിരിക്കുകയാണ്. ബോഗിക്കുള്ളിലെ കാഴ്ചയും അതിദയനീയമാണ്. സീറ്റുകളെല്ലാം കീറിപ്പറിഞ്ഞ നിലയിലാണ്. ബോഗിയുടെ അടിവശത്തും സ്ഥിതി ദയനീയം. തുരുമ്പെടുത്ത് ഇളകിയാടുന്ന നിലയിലായിരുന്നു കോച്ചെന്നും വലിയ കുലുക്കം അനുഭവപ്പെട്ടിരുന്നുവെന്നും യാത്രക്കാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."