ഇറാനുമായുള്ള യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ക്കും സഊദി
-എണ്ണവില സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ഉയരും
-ഇറാനെ നിയന്ത്രിക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണം
റിയാദ്: ഇറാനുമായുള്ള യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും സമാധാനപരമായ രാഷ്ട്രീയ പരിഹാരത്തിനാണ് സഊദി ശ്രമിക്കുന്നതെന്നും കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍. യു.എസ് കേന്ദ്രമായ സി.ബി.എസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
യുദ്ധമുണ്ടായാല്‍ എണ്ണവില സങ്കല്‍പിക്കാന്‍ കഴിയാത്തത്ര ഉയരും. ആഗോള ജി.ഡി.പിയുടെ നാലു ശതമാനം പശ്ചിമേഷ്യയിലാണ്. ലോകത്തിനാവശ്യമായ ഇന്ധനത്തിന്റെ 30 ശതമാനം ഇവിടെ നിന്നാണ്. വ്യാപാര പാതയുടെ 20 ശതമാനം ഇതിലെയാണ്. ഇതു മൂന്നും നിന്നാലുള്ള അവസ്ഥ സങ്കല്‍പിച്ചുനോക്കൂ. സഊദിയോ പശ്ചിമേഷ്യന്‍ രാജ്യങ്ങളോ മാത്രമല്ല, ആഗോള സമ്പദ്‌വ്യവസ്ഥ തന്നെ തകരും- അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനാല്‍ ഇറാനെ നിയന്ത്രിക്കാന്‍ കടുത്ത നടപടിയെടുക്കാന്‍ ലോകരാജ്യങ്ങള്‍ മുന്‍കൈയെടുക്കണം. സെപ്റ്റംബര്‍ 14ന് സഊദിയിലെ എണ്ണ സംസ്‌കരണശാലകള്‍ക്കു നേരെ നടന്നത് യുദ്ധസമാന ആക്രമണമാണെന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ വിലയിരുത്തലിനോട് യോജിക്കുന്നതായും സഊദി കിരീടാവകാശി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് യു.എസും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ അതില്‍ പങ്കില്ലെന്നു വ്യക്തമാക്കിയ ഇറാന്‍ തെളിവ് ഹാജരാക്കാന്‍ വെല്ലുവിളിച്ചിരുന്നു. യമനിലെ വിമതസായുധ വിഭാഗമായ ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."