നാദാപുരം ഗേറ്റ് അക്കാദമിയുടെ വിദ്യാഭ്യാസ കൊള്ളക്കെതിരേ നടപടിയെടുക്കണം: റവല്യൂഷനറി യൂത്ത്
വടകര: പി.എം.കെ.വി.വൈ, എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളെന്ന വ്യാജേന വിദ്യാര്‍ഥികളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന നാദാപുരം ഗേറ്റ് അക്കാദമിക്കെതിരേ നിയമ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവണമെന്ന് റവല്യൂഷനറി യൂത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസി അസിസ്റ്റന്റ്, നേഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയ പ്ലസ് ടു യോഗ്യത വേണ്ട കോഴ്‌സുകളുടെ പേര് പറഞ്ഞാണ് എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് അഡ്മിഷന്‍ നടത്തുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം പി.എം.കെ.വി.വൈയുടെ പേരില്‍ വ്യാജ പരസ്യം നല്‍കി അഡ്മിഷന്‍ നടത്തിയതിന് ഗേറ്റ് അക്കാദമി അംഗീകൃത സ്ഥാപനമല്ലെന്ന് എന്‍.എസ്.ഡി.സി യുടെ വെബ്‌സൈറ്റില്‍ പബ്ലിക് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു.
കിഴക്കന്‍ മലയോര മേഖലയിലെയും നാദാപുരത്തെയും സാധാരണക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് ഈടാക്കി അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തുന്ന തട്ടിപ്പ് സ്ഥാപനത്തിനെതിരേ പ്രക്ഷോഭവും നിയമപോരാട്ടവുമായി മുന്നോട്ട് പോവുമെന്നും റവല്യൂഷനറി യൂത്ത് അറിയിച്ചു.വര്‍ഷങ്ങളായി ഈ സ്ഥാപനം വിദ്യാര്‍ഥികളെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അധ്യയന വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്ത മാനേജ്‌മെന്റ് തന്നെയാണ് പുതിയ അധ്യയന വര്‍ഷവും വ്യാജ പരസ്യവുമായി വിദ്യാര്‍ഥികളെ വലയിലാക്കാനിറങ്ങിയത്.
വിദ്യാര്‍ഥികളും രക്ഷിതാക്കളും തട്ടിപ്പ് തിരിച്ചറിയണമെന്നും അംഗീകൃതമല്ലാത്ത സ്ഥാപനം നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനത്തില്‍ നിന്ന് നാദാപുരം എം.എല്‍.എ വിട്ടു നില്‍ക്കണമെന്നും റവല്യൂഷനറി യൂത്ത് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."