സാമൂഹ്യനീതി വകുപ്പിന്റെ ഉത്തരവിന് പുല്ലുവില; ബലക്ഷയമുള്ള കെട്ടിടത്തില്‍ അങ്കണവാടി വീണ്ടും പ്രവര്‍ത്തനം തുടങ്ങി
പേരാമ്പ്ര: ബലക്ഷയമുണ്ടന്ന് സംശയമുയര്‍ന്നതിന്റെ പേരില്‍ പ്രവര്‍ത്തനം നിര്‍ത്തിയ അങ്കണവാടി സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെ വീണ്ടും പ്രവര്‍ത്തനം തുടങ്ങി. ചക്കിട്ടപാറ പഞ്ചായത്ത് വാര്‍ഡ് പത്തില്‍ പെട്ട പതിനഞ്ചാം നമ്പര്‍ അങ്കണവാടിയാണിത്.
പഴയ കെട്ടിടത്തിന്റെ മുകളില്‍ ഏഴര ലക്ഷത്തില്‍പരം രൂപ വകയിരുത്തി ഹാള്‍ നിര്‍മിച്ചതോടെ തറക്കു വിള്ളല്‍ സംഭവിച്ചതാണ് പ്രശ്‌നമായത്. പരിശോധിച്ചു റിപ്പോര്‍ട്ടു നല്‍കുന്ന കാര്യത്തില്‍ പഞ്ചായത്ത് എ.ഇ നിസംഗത പ്രകടിപ്പിച്ചു. ഇതോടെ പഞ്ചായത്തധികൃതര്‍ കോഴിക്കോട് പോളി ടെക്‌നിക് കോളജിലെ സിവില്‍ എന്‍ജിനീയറെക്കൊണ്ടു കെട്ടിടം പരിശോധിപ്പിച്ചു. ബില്‍ഡിങിനു കുഴപ്പമില്ലെന്നു ഇദ്ദേഹം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അങ്കണവാടി പ്രവര്‍ത്തിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കി.
സ്ഥാപനം ഒരാഴ്ച മുമ്പ് പ്രവര്‍ത്തനം തുടങ്ങി. അതേ സമയം അങ്കണവാടിയുടെ ഫിറ്റ്‌നസ് സംബന്ധിച്ചു കൃത്യമായ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് എ.ഇ. നല്‍കാതെ പ്രവര്‍ത്തനാനുമതി നല്‍കാനാവില്ലെന്നു സാമൂഹ്യനീതി വകുപ്പ് പേരാമ്പ്ര സി.ഡി.പി.ഒ ചക്കിട്ടപാറ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. കെട്ടിടം പരിശോധിച്ച പോളിടെക്‌നിക് ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അപാകതയുണ്ട്.
പഞ്ചായത്തിലെ ശിശുമന്ദിരത്തില്‍ പരിശോധന നടത്തി എന്നാണു ഇതില്‍ പറയുന്നത്. ഏത് ശിശുമന്ദിരം എന്നു റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നില്ല. പഞ്ചായത്തു പ്രസിഡന്റ് ഷീജാ ശശിയുടെ വാര്‍ഡിലാണ് വിവാദ അങ്കണവാടി. പ്രശനത്തില്‍ വെട്ടിലായിരിക്കുന്നത് അങ്കണവാടി ജീവനക്കാരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."