HOME
DETAILS
MAL
ജസ്റ്റിസ് താഹില്‍ രമണിക്കെതിരേ സി.ബി.ഐ അന്വേഷണം, നടപടിക്ക് സുപ്രിംകോടതിയുടെ അനുമതി
backup
October 01 2019 | 04:10 AM
ന്യൂഡല്‍ഹി: 'തരംതാഴ്ത്തലി'നെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് പദവിയില്‍ നിന്ന് രാജിവച്ച ജസ്റ്റിസ് വി.കെ താഹില്‍രമണിക്കെതിരേ സി.ബി.ഐ അന്വേഷണം. ഇന്റലിജന്‍സ്ബ്യൂറോ (ഐ.ബി)യുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് താഹില്‍ രമണിക്കെതിരേ സി.ബി.ഐ അന്വേഷണത്തിന് സുപ്രിംകോടതി ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അനുമതി നല്‍കി.
ചെന്നൈയില്‍ രണ്ട് ഫ്‌ളാറ്റുകള്‍ വാങ്ങിയതില്‍ ക്രമക്കേട് നടന്നുവെന്ന ഐ.ബിയുടെ ആരോപണത്തിന്റെ പേരിലാണ് സുപ്രിംകോടതിയുടെ നടപടി. തമിഴ്‌നാട്ടിലെ വന്‍സ്വാധീനമുള്ള വ്യക്തികള്‍ പ്രതിയായ വിഗ്രഹമോഷണക്കേസ് തീര്‍പ്പാക്കിയതിലുള്ള പ്രതിഫലമായാണ് ഫ്‌ളാറ്റുകള്‍ ലഭിച്ചതെന്നാണ് ഐ.ബിയുടെ ആരോപണം.
രാജ്യത്തെ ഏറ്റവും വലിയ ഹൈക്കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയില്‍ (75 ജഡ്ജിമാര്‍) നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് (മൂന്നു ജഡ്ജിമാര്‍) സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് ഈ മാസം ആറിനാണ് താഹില്‍രമണി രാജിവച്ചത്. സ്ഥലംമാറ്റ നടപടി പുനപ്പരിശോധിക്കണമെന്ന് ജഡ്ജി ആവശ്യപ്പെട്ടിരുന്നുവെങ്കിലും കൊളീജിയം തള്ളിയതോടെയാണ് അവര്‍ പദവി രാജിവച്ചത്.
ജസ്റ്റിസ് താഹില്‍രമണിയുടെ രാജിക്കു പിന്നാലെ അവര്‍ക്കെതിരായ ആരോപണങ്ങളടങ്ങുന്ന അഞ്ചുപേജ് വരുന്ന റിപ്പോര്‍ട്ട് ഐ.ബി സുപ്രിംകോടതിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍മേലാണ് ഇപ്പോള്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് നടപടിയെടുത്തിരിക്കുന്നത്.
മൂന്നുകോടി രൂപയിലേറെ വരുന്ന രണ്ടു ഫ്‌ളാറ്റുകള്‍ ചെന്നൈയിലെ സെമ്മഞ്ചേരിയില്‍ താഹില്‍രമണി സ്വന്തമാക്കിയെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്. ഫ്‌ളാറ്റുകള്‍ വാങ്ങാനായി ഒന്നരക്കോടി രൂപ താഹില്‍രമണി എച്ച്.ഡി.എഫ്.സി ബാങ്കില്‍ നിന്ന് വായ്പയെടുത്തു. ബാക്കി വരുന്ന ഒന്നരക്കോടിയോളം രൂപ അവര്‍ സ്വന്തം നിലക്ക് സംഘടിപ്പിച്ചതാണ്. ഈ തുക കേസില്‍ കൃത്രിമത്വം നടത്തിയതിന് ലഭിച്ചതെന്നാണ് ഐ.ബിയുടെ റിപ്പോര്‍ട്ടെന്നാണ് സി.ബി.ഐ വൃത്തങ്ങള്‍ പറയുന്നത്.
താഹില്‍രമണിയുടെ പേരിലുള്ള ആറ് അക്കൗണ്ടുകളാണ് ഐ.ബി ലിസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായുള്ള ജോയിന്റ് അക്കൗണ്ട്, അമ്മയുമായി ചേര്‍ന്നുള്ള അക്കൗണ്ട്, സാലറി അക്കൗണ്ട്, മകന്റെ അക്കൗണ്ട് തുടങ്ങിയവ. ഇതില്‍ നിന്നാണ് ഒന്നര കോടി രൂപ മുംബൈയിലെ അക്കൗണ്ടിലേക്ക് അയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ വിശദമായ അന്വേഷണം വേണമെന്ന് ഐ.ബി ആവശ്യപ്പെട്ടിട്ടുണ്ട്.
വിഗ്രഹ മോഷണവുമായി ബന്ധപ്പട്ട് 2018ല്‍ ജസ്റ്റിസ് മഹാദേവന്റെ കീഴില്‍ രൂപീകരിച്ച മദ്രാസ് ഹൈക്കോടതി ബെഞ്ച് താഹില്‍രമണി പിരിച്ചുവിട്ടിരുന്നു. ഈ ബെഞ്ച് വിഗ്രഹമോഷണക്കേസിലെ പ്രതികള്‍ക്കെതിരേ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കേസില്‍ തമിഴ്‌നാട്ടിലെ ഒരു മന്ത്രി ഉള്‍പ്പെട്ടിരുന്നെന്നും അയാളുടെ നിര്‍ദേശമനുസരിച്ചാണ് താഹില്‍രമണി ബെഞ്ച് പിരിച്ചുവിട്ടതെന്നുമാണ് ഐ.ബി ആരോപിക്കുന്നത്.
ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ ഏറ്റവും നിഷ്ഠൂരസംഭവങ്ങളിലൊന്നായ ബല്‍ഖീസ്ബാനു കൂട്ടക്കൊലക്കേസ് പരിഗണിക്കുകയും പ്രതികള്‍ക്ക് കനത്ത ശിക്ഷയും പിഴയും വിധിച്ചതും താഹില്‍രമണി ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് താഹില്‍രമണി ബല്‍ഖീസ് ബാനു കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ശിക്ഷിച്ചത്.
കേസിലെ 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും അഞ്ചു പൊലിസ്ഉദ്യോഗസ്ഥരും രണ്ടു ഡോക്ടര്‍മാരുമുള്‍പ്പെടെ ഏഴു പേരെ കുറ്റവിമുക്തരാക്കിയ കീഴ്‌കോടതി വിധി അവര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഈ നടപടിയാണ് ജഡ്ജിക്കെതിരായ പ്രതികാരത്തിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."