ഉപതെരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലെ പത്രികാസമര്‍പ്പണം ഇന്നലെ പൂര്‍ത്തിയായി.
വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാറും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തും ബി.ജെ പി സ്ഥാനാര്‍ഥി എസ്.സുരേഷും പത്രിക സമര്‍പ്പിച്ചു. വി.എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം എത്തിയാണ് മോഹന്‍കുമാര്‍ പത്രിക നല്‍കിയത്. വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എയായിരുന്ന കെ.മുരളീധരന്‍ എം.പിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു.
കെ. മുരളീധരന്‍ നിര്‍ദേശിച്ച പീതാംബരക്കുറുപ്പിന് പകരമായാണ് മോഹന്‍കുമാര്‍ സ്ഥാനാര്‍ഥിയായത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തിനൊപ്പം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, വി. ശിവന്‍കുട്ടി എന്നിവരുണ്ടായിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്വതന്ത്രരടക്കം പത്തുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
അരൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കല്‍, യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍, ബി.ജെ.പി സ്ഥാനാര്‍ഥി പ്രകാശ് ബാബു എന്നിവരടക്കം ആറുപേര്‍ പത്രിക നല്‍കി.
എറണാകുളത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ മനുറോയ്, എന്‍.ഡി.എ സ്ഥാനാര്‍ഥി സി.ജി രാജഗോപാല്‍ എന്നിവരടക്കം 11 പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.
കോന്നിയില്‍ ഏഴുപേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അശോകന്‍ (ബി.ജെ.പി), ജനീഷ് കുമാര്‍ കെ.യു (സി.പി.എം), മോഹന കുമാര്‍(സി.പി.എം), മോഹന്‍ രാജന്‍ (ഐ.എന്‍.സി), കെ.സുരേന്ദ്രന്‍ (ബി.ജെ.പി), ജോമോന്‍ ജോസഫ് സ്രാമ്പിക്കല്‍ (സ്വതന്ത്രന്‍), ശിവാനന്ദന്‍ (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.
മഞ്ചേശ്വരത്ത് 13 പേര്‍ പത്രിക നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി ഖമറുദ്ദീന്‍ രാവിലെ 11.30 ഓടെ വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ എന്‍. സുരേന്ദ്രന്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. ശങ്കര്‍റൈ രാവിലെ 11ന് കാസര്‍കോട് കലക്ടറേറ്റില്‍ റിട്ടേണിങ് ഓഫിസറായ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന്‍ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. ബി.ജെ.പി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാറും പത്രിക സമര്‍പ്പിച്ചു. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. പിന്‍വലിക്കാന്‍ വ്യാഴാഴ്ച വരെ സമയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."