ജേക്കബ് തോമസ് വീണ്ടും സര്‍വിസിലേക്ക്; നിയമനം അപ്രധാന തസ്തികയില്‍
തിരുവനന്തപുരം: സസ്പെന്‍ഷനിലായിരുന്ന ഡി.ജി.പി ജേക്കബ് തോമസിന് വീണ്ടും സര്‍വിസിലേക്ക്. വ്യവസായ വകുപ്പിനുകീഴിലുള്ള സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് കോര്പറേഷന് എം.ഡിയായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ജേക്കബ് തോമസിന് വീണ്ടും നിയമനം നല്കാന് തീരുമാനമെടുത്തത്.
ഒന്നര വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ സസ്പെന്‍ഷനില്‍ നിര്‍ത്തിയിരുന്ന ജേക്കബ് തോമസിനെ സര്‍വിസില്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ജൂലൈയില്‍ ഉത്തരവിട്ടിരുന്നു. പൊലിസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ തസ്തികയില്‍ നിയമിക്കണമെന്നായിരുന്നു ട്രൈബ്യൂണലിന്റെ നിര്‍ദേശം. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന് ജേക്കബ് തോമസിന് നിയമനം നല്‍കേണ്ടിവന്നത്. ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വിധി വന്ന് ഒന്നരമാസമായിട്ടും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
നിരന്തരമായി സര്‍ക്കാരിനെ വിമര്‍ശിച്ചു, സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകമെഴുതി, വിജിലന്‍സ് കേസുകള്‍ തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തത്.
തന്റെ സീനിയോറിറ്റിയും കേഡര്‍ റൂള്‍സും അനുസരിച്ചുള്ള നിയമനമാണ് നല്കുന്നതെങ്കില് പരിഗണിക്കുമെന്നാണ് നിയമനത്തെക്കുറിച്ച് ജേക്കബ് തോമസ് നേരത്തെ പ്രതികരിച്ചിരുന്നത്. മന്ത്രിസഭാ തീരുമാനപ്രകാരം നിയമന ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെങ്കിലും ഈ നിയമനം ജേക്കബ് തോമസ് സ്വീകരിക്കുമോയെന്ന് വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."