ഉഗ്രശബ്ദം കേട്ട് ബേപ്പൂര്‍ വിറച്ചു; ഭൂമികുലുക്കമെന്ന് നിഗമനം
ഫറോക്ക്: ബേപ്പൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാട്ടുകാരില്‍ ഭീതിപടര്‍ത്തി ഉഗ്രശബ്ദദം. ശനിയാഴ്ച വൈകിട്ട് നാലിനുശേഷമാണ് ഭൂമി കുലുക്കത്തിന്റെ പ്രതീതിയുള്ള വലിയ ശബ്ദം അനുഭവപ്പെട്ടത്. കാതടപ്പിക്കുന്ന ഉഗ്രശബ്ദത്തിനൊപ്പം വീടുകളുടെ ജനലുകളും ഗ്രില്ലുകളും വാതില്‍പ്പൊളികളും കുലുങ്ങി. ഇതോടെ ഭയവിഹ്വലരായ സ്ത്രീകള്‍ പിഞ്ചുകുട്ടികളെ വാരിയെടുത്ത് പുറത്തേക്കോടുകയായിരുന്നു. അപ്രതീക്ഷിത സ്‌ഫോടന ശബ്ദം മണിക്കൂറുകളോളം ജനങ്ങളെ പരിഭ്രാന്തിയിലാക്കി.
ബേപ്പൂര്‍ മണ്ഡലത്തിലെ ചെറുവണ്ണൂര്‍, ബേപ്പൂര്‍, ഫറോക്ക്, കരുവന്‍തിരുത്തി, ചാലിയം, കടലുണ്ടി, മണ്ണൂര്‍, പെരുമുഖം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമാന അനുഭവമുണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. ചെറുവണ്ണൂര്‍ തോണിച്ചിറ റോഡ് മേഖലയില്‍ മിക്കവീട്ടുകാരും വീടുകളില്‍ കുലുക്കമനുഭവപ്പെട്ടതിനെ തുടര്‍ന്നു ഭീതിയിലായി. ഇവിടെ വീടുകള്‍ക്ക് വലിയ തോതില്‍ ചലനം അനുഭവപ്പെട്ടതായി എട്ടുകണ്ടത്തില്‍ ഇബ്രാഹിമിന്റെ ഭാര്യ അസ്മാബി പറഞ്ഞു. സമീപ വീടായ റോഷന്‍സില്‍ പനി ബാധിച്ചു കിടപ്പിലായ മനാഫ് താഴത്തും കുടുംബവും ഉഗ്രശബ്ദവും കുലുക്കവും കാരണം വീടിന്റെ പുറത്തേക്കിറങ്ങിയോടി. ഫറോക്ക് പെരുമുഖം കല്ലുവളപ്പില്‍ ആവിത്തൊടി റഹീമിന്റെ വീട്ടുകാരും കനത്ത ശബ്ദം കേട്ട് പുറത്തേക്കോടി. ഇതെ രീതിയില്‍ തന്നെയാണ് വിവിധ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായ അനുഭവം.
സമീപകാലത്തൊന്നും ഇത്തരത്തില്‍ അത്യുഗ്രശബ്ദമുണ്ടായതായി അറിവില്ല. ഭൂമിക്കടിയില്‍ നിന്നാണോ ആകാശത്തു നിന്നാണോ ഇതിനെല്ലാം പുറമെ കടലില്‍ നിന്നാണോ നാടിനെ വിറപ്പിച്ച ശബ്ദമുണ്ടായതെന്ന് ജനങ്ങള്‍ക്ക് എത്തുംപിടിയും കിട്ടിയിട്ടില്ല. ഭൂമികുലുക്കമെന്നാണ് പലരുടെയും നിഗമനം. വിമാനം തകര്‍ന്നു വീണതാണോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് നാട്ടുകാരില്‍നിന്നുള്ള വിവരം ചെറുവണ്ണൂര്‍ വില്ലേജ് ഓഫിസര്‍ ജില്ലാ ദുരന്തനിവാരണ വിഭാഗത്തെ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."