സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടി
കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ടത് സി.പി.എമ്മിനും സര്‍ക്കാരിനും തിരിച്ചടി. സി.ബി.ഐ അന്വേഷണത്തെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും മുഴുവന്‍ പ്രതികളെയും പിടികൂടിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും ഹൈക്കോടതി മുഖവിലക്കെടുത്തില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പെരിയ ഇരട്ടക്കൊല അന്വേഷണം ഹൈക്കോടതി സി.ബി.ഐക്ക് വിട്ടത്. സാക്ഷി മൊഴികളെക്കാള്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ട സി.പി.എം നേതാക്കളുടെയും അനുഭാവികളുടെയും മൊഴികളടക്കം ചേര്‍ത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 70ഓളം പേരുടെ മൊഴികളാണ് പ്രതികള്‍ക്ക് സഹായകമാകുന്ന രീതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയത്.
കേസില്‍ പൊലിസ് അറസ്റ്റ് നാടകം തുടരുമ്പോഴും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന പേരില്‍ പെരിയ ഭാഗത്തെ ഒരു കിണറില്‍ നിന്ന് പൊലിസ് കണ്ടെടുത്ത ആയുധം തുരുമ്പെടുത്ത നിലയിലായിരുന്നു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പ്രതിസ്ഥാനത്ത് നിര്‍ത്തിയ ഒട്ടനവധിപേരെ ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തുകയായിരുന്നുവെന്ന ആക്ഷേപം കോണ്‍ഗ്രസ് നേരത്തേ ഉയര്‍ത്തിയിരുന്നു. അന്വേഷണം സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ടിട്ടും ക്രൈംബ്രാഞ്ചിനെ അന്വേഷണമേല്‍പിച്ച് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണം മതിയാക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. ആയിരക്കണക്കിന് പേജുകള്‍ വരുന്ന ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കോടതി കുപ്പത്തൊട്ടിയില്‍ എറിയുകയും ചെയ്തു.
ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍, ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണ ചുമതലയുള്ള മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ് കുമാറാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കേസിലെ മുഖ്യപ്രതി പീതാംബരന്റെ വ്യക്തിവിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നത്.കെ.വി കുഞ്ഞിരാമനും വി.പി.പി മുസ്തഫക്കും എതിരായ ആരോപണങ്ങളില്‍ തെളിവില്ലെന്നും ക്രൈംബ്രാഞ്ച് കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെയൊക്കെ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."