കുമ്മനത്തിന്റെ യാത്ര അപഹാസ്യം: എ.ഐ.വൈ.എഫ്
തിരുവനന്തപുരം: മെട്രോ റെയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിക്കൊപ്പം മെട്രോ റെയിലില്‍ യാത്ര ചെയ്ത ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേശേഖരന്റെ നടപടി അപഹാസ്യമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചിടത്താണ് കുമ്മനം രാജശേഖരന് പ്രധാനമന്ത്രിക്കൊപ്പം യാത്രനടത്തിയത്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് അടക്കമുള്ളവരെ ഒഴിവാക്കിയ വേദിയില്‍ കുമ്മനം രാജശേഖരന് എത്തിച്ചേര്‍ന്നത് എങ്ങനെയെന്ന് അന്വേഷിക്കണം.
ബി.ജെ.പിയും പ്രധാനമന്ത്രിയുടെ ഓഫീസും കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന തരംതാണ രാഷ്ട്രീയ കളിയുടെ ഭാഗമാണ് കുമ്മനം രാജശേഖരന്റെ യാത്ര. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ തയ്യാറാകണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര് സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."