പദ്ധതി നടപ്പാക്കല്‍ നീണ്ടേക്കും, മെഡിസെപ്: ടെന്‍ഡര്‍ നടപടികള്‍ വൈകുന്നു
വി.എസ് പ്രമോദ്
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകുന്നു.
മെഡിസെപ് പദ്ധതിയുടെ നടത്തിപ്പിന് ചുമതലപ്പെടുത്തിയ റിലയന്‍സ് ഇന്‍ഷുറന്‍സിനെ ഒഴിവാക്കാന്‍ കഴിഞ്ഞ ഓഗസ്റ്റ് 15ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് മറ്റൊരു കമ്പനിയെ പദ്ധതി ഏല്‍പ്പിക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല.പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി നാല് അംഗങ്ങളുള്ള മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റി രൂപീകരിക്കണമെന്ന് ധനവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അതിനുള്ള യാതൊരു നടപടികളും ഇതുവരെ മുന്നോട്ടുപോയിട്ടില്ല. ഈ കമ്മിറ്റി രൂപീകരിക്കുന്നതിന് ധനമന്ത്രിയുടെ അനുമതി കിട്ടാത്തതാണ് പ്രതിസന്ധിക്കിടയാക്കുന്നതെന്നാണ് പറയുന്നത്.
റിലയന്‍സുമായി കരാര്‍ ഒപ്പിടാന്‍ തയാറാകാതിരുന്ന പ്രമുഖ ആശുപത്രികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യ ആശുപത്രികളാണുള്ളത്. ഇവയില്‍ സ്വകാര്യ, സഹകരണ മേഖലകളിലെ 99 ആശുപത്രികള്‍ മാത്രമാണ് പദ്ധതിയുമായി സഹകരിക്കാന്‍ തയാറായത്. ഇന്‍ഷുറന്‍സ് നിരക്കുകള്‍ ശാസ്ത്രീയമല്ലെന്ന കാരണമാണ് മറ്റ് ആശുപത്രികള്‍ പറഞ്ഞത്.
നേരത്തെ നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് 1481 കോടി രൂപ കുടിശിക വരുത്തിയവരാണ് റിലയന്‍സ് ഇന്‍ഷുറന്‍സ് എന്നതും ആശുപത്രികളുടെ പിന്‍മാറ്റത്തിന് കാരണമായിരുന്നു. അതിനാല്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുമ്പോള്‍ ആവശ്യമായ മാറ്റംവരുത്തി ചട്ടങ്ങളും നിയമങ്ങളും രൂപീകരിക്കണമെന്നും മിനിമം പ്രീമിയം തുകയില്‍ മാറ്റം വരുത്തണമെന്നുമുള്ള നിര്‍ദേശങ്ങളും വന്നിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനാണ് മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റി രൂപീകരിച്ചത്. പദ്ധതി വൈകുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ പദ്ധതി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
മാത്രമല്ല, സഹകരണ മേഖലയിലെ ജീവനക്കാരെ മെഡിസെപ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനവുമായിട്ടില്ല.
പദ്ധതി സര്‍ക്കാര്‍ നേരിട്ട് നടത്തണമെന്നും ഇടനിലക്കാരായി ഇന്‍ഷുറന്‍സ് കമ്പനികളും ഏജന്‍സികളും വരുന്നത് ചൂഷണത്തിന് ഇടയാക്കുമെന്നുമാണ് ഐ.എം.എ കേരള ഘടകം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."