മത്സ്യത്തൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത
ചവറ: മത്സ്യതൊഴിലാളിയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി പൊലിസ്. നീണ്ടകര പുത്തന്‍തുറ പന്നയ്ക്ക തുരുത്തില്‍ വിദ്യാഭവനത്തില്‍ സുദേവ( 48) ന്റെ മരണത്തിലാണ് ദുരൂഹത.
വെള്ളിയാഴ്ച്ച നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ആദിശങ്കരന്‍ എന്ന വള്ളത്തില്‍ വെച്ച് മരിച്ചുവെന്നാണ് ചിലര്‍ നീണ്ടകര കോസ്റ്റല്‍ പൊലിസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ മരിച്ച സുദേവന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ട പാടുകളും തലയിലെ മുറിവും പൊലിസിന് സംശയം ഉണ്ടാക്കി.
ഇതിനെ തുടര്‍ന്ന് നീണ്ടകര കോസ്റ്റല്‍ സി.ഐ അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് നടത്തിയ അന്വേഷണത്തില്‍ സുദേവനെ ചിലര്‍ മര്‍ദിച്ചിരുന്നതായി കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പൊലിസിന്റെ പിടിയില്‍ ആയിട്ടുണ്ട്. സുദേവനെ നീണ്ടകരയില്‍ പുതിയതായി തുടങ്ങിയ ബിവറേജസിന് സമീപം വെച്ചാണ് സുദേവനെ ചിലര്‍ മര്‍ദിച്ചതെന്നാണ് പൊലിസിന് കിട്ടിയ വിവരം. സംഭവവുമായി ബന്ധപ്പെട്ട ചിലര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
കടലില്‍ വെച്ച് വള്ളത്തില്‍ കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ചിലര്‍ സുദേവനെ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
എന്നാല്‍ മരണകാരണം പോസ്റ്റ്‌മോര്‍ട്ടത്തിലേ അറിയാന്‍ സാധിക്കു. കോസ്റ്റല്‍ പൊലിസിന്റെ അന്വേഷണം പൂര്‍ത്തികരിച്ച ശേഷം തുടര്‍ അന്വേഷണത്തിനായി ഫയല്‍ ചവറ സി.ഐയ്ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."