മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സംസ്‌കാരം നടത്തി
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരി ആയിരങ്ങളുടെ അന്ത്യാഞ്ജലി. കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടത്തപ്പെട്ട കബറടക്ക ശുശ്രൂഷയില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആളുകള്‍ പങ്കെടുത്തു.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിച്ചു. മെത്രാന്മാരും വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി പങ്കെടുത്തു. തൃശ്ശൂര്‍ അതിരൂപത മുന്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജേക്കബ്ബ് തൂങ്കുഴി വചനസന്ദേശം നല്‍കി. കെസിബിസി പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം അനുസ്മരണ സന്ദേശം നല്‍കി.
നിര്യാണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള വത്തിക്കാനില്‍ നിന്നുള്ള സന്ദേശം ഫാ. സെബാസ്റ്റ്യന്‍ വാണിയംപുരയ്ക്കലും റോമിലെ പൗരസ്ത്യ തിരുസംഘത്തിന്റെ അധിപന്റെ സന്ദേശം അതിരൂപത ചാന്‍സിലര്‍ ഫാ. തോമസ് കോട്ടൂരും ഇന്ത്യയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയുടെ സന്ദേശം ഫാ. ജോണ്‍ ചേന്നാക്കുഴിയും വായിച്ചു. നഗരികാണിക്കലിനെ തുടര്‍ന്ന് കത്തീഡ്രല്‍ ദൈവാലയത്തോടനുബന്ധിച്ച് പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു.
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതിക ശരീരത്തിന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി ജെ കുര്യന്‍, മന്ത്രി മാത്യു ടി തോമസ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.പിമാരായ ജോസ് കെ മാണി , ജോയി എബ്രാഹം , ആന്റോ ആന്റണി , ജോയിസ് ജോര്‍ജ് , എം.എല്‍.എമാരായ കെ എം മാണി ,തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , സുരേഷ് കുറുപ്പ് , പി സി ജോര്‍ജ് , സി കെ ആശ , മോന്‍സ് ജോസഫ് , അനൂപ് ജേക്കബ് , പി ജെ ജോസഫ് , കെ സി ജോസഫ് , റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആര്‍ച്ചുബിഷപ്പ് സിവേറിയോസ് മാര്‍ കുര്യാക്കോസ്, ആര്‍ച്ചുബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ആര്‍ച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പിച്ചു. മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ വേര്‍പാടിലുള്ള അനുശോചനമായി അതിരൂപതയില്‍ ഏഴ് ദിവസം ദുഖാചരണമായിരിക്കുമെന്ന് അതിരൂപതാ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."