വെള്ളപ്പൊക്ക ദുരിതാശ്വാസകെട്ടിടം കാടുകയറി നശിക്കുന്നു
പത്തനാപുരം: ലക്ഷങ്ങള്‍ മുടക്കി ഇളമ്പലില്‍ നിര്‍മിച്ച സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസകെട്ടിടം കാടുകയറി നശിക്കുന്നു. ഇളമ്പല്‍ വില്ലേജ് ഓഫിസിന് പിന്നിലെ റവന്യൂ ഭൂമിയില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസഫണ്ട് വിനിയോഗിച്ച് നിര്‍മിച്ച കെട്ടിടമാണ് സംരക്ഷണമില്ലാതെ തകര്‍ച്ചയിലായിരിക്കുന്നത്. പ്രദേശത്തെ ദുരിതബാധിത സമയങ്ങളില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനാണ് കെട്ടിടം നിര്‍മിച്ചത്. ഹാളും വിശ്രമമുറിയും ടോയ്‌ലറ്റുകളും സ്ത്രീകള്‍ക്കുള്ള താമസസൗകര്യവുമെല്ലാം അടങ്ങുന്നതായിരുന്നു കെട്ടിടം. പത്തനാപുരം താലൂക്കിലെ തന്നെ ഏക സംരക്ഷണകേന്ദ്രമാണിത്. എന്നാല്‍, നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദുരിതാശ്വാസകേന്ദ്രം സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കെട്ടിടത്തിന്റെ വാതിലും ജനലുകളുമെല്ലാം തകര്‍ന്നുകിടക്കുകയാണ്. നടപ്പാത പൂര്‍ണമായും കാടുമൂടി ഇല്ലാതായിരിക്കുന്നു. ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ജലവിതരണ സംവിധാനം അടക്കം നശിക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ഭിത്തിയില്‍ കാട്ടുവള്ളികളടക്കം പടര്‍ന്നുകയറിയിട്ടുണ്ട്. ഇതോടൊപ്പം തകര്‍ന്നുകിടക്കുന്ന കെട്ടിടം സാമൂഹികവിരുദ്ധരുടെ കേന്ദ്രമായി മാറുകയാണ്. പലപ്പോഴും മദ്യപാനികളും സാമൂഹികവിരുദ്ധരും കെട്ടിടത്തിനുള്ളില്‍ ഉണ്ടാകാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
വിളക്കുടി ഗ്രാമപ്പഞ്ചായത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പലതും വാടകക്കെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതിമൂലം സ്ഥാപനങ്ങള്‍ വീര്‍പ്പുമുട്ടുമ്പോഴാണ് ദുരിതാശ്വാസകേന്ദ്രം കാടുകയറി നശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."