ഇല്ലം നിറക്കൊരുങ്ങി ചെമ്പന്തിട്ട പാടശേഖരത്തിലെ കതിര്‍കറ്റകള്‍
എരുമപ്പെട്ടി: പഴുന്നാന ചെമ്പന്തിട്ട പാടശേഖരത്തിലെ നെല്‍വയലില്‍ വിളയുന്നത് സമ്പല്‍ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും നൂറ്‌മേനിയാണ്. ഗുരുവായൂര്‍ ക്ഷേത്രം ഉള്‍പ്പടെ കേരളത്തിലെ അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലെ ഇല്ലം നിറക്ക് ഉപയോഗിക്കുന്നത് ചെമ്പന്തിട്ട പാടശേഖരത്തിലെ കതിര്‍കറ്റകളാണ്.
പഴുന്നാന ചെമ്പന്തിട്ടയിലെ ആലാട്ട് തറവാട്ടുകാര്‍ നെല്‍കൃഷി ചെയ്യുന്നത് പത്തായം നിറക്കാന്‍ മാത്രമല്ല. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിള്‍ നടക്കുന്ന ഇല്ലം നിറക്ക് കതിരൊരുക്കാന്‍ കൂടി വേണ്ടിയാണ് ഇവര്‍ നെല്‍ വയലില്‍ വിത്ത് വിതക്കുന്നത്. കേരളത്തിലെ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളില്‍ ഇല്ലം നിറ ആചരിക്കുന്നത്. ഈ നെല്‍കതിരുകള്‍ വീടുകളില്‍ സ്ഥാപിച്ചാല്‍ കാര്‍ഷിക വിളവ് വര്‍ദ്ധിക്കുകയും പത്താഴം നിറഞ്ഞ് ഐശ്വര്യവും സമൃതിയും നിലനില്‍ക്കുമെന്നാണ് വിശ്വാസം.
അരനൂറ്റണ്ടിലധികമായി പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഇല്ലം നിറക്ക് കതിര്‍കറ്റകള്‍ നല്‍കുന്നത് ആലാട്ട് തറവാട്ടുകാരാണ്. കണ്ണൂര്‍ തലശ്ശേരിയിലെ ജഗനാഥ ക്ഷേത്രം, കോഴിക്കോട് വളയനാര്‍ക്കാവ്, കൊല്ലം തളി ക്ഷേത്രം, ആറന്‍മുള ക്ഷേത്രം, പിഷാരടിക്കാവ്, എരുമേലി, പീരുമേട്, കവിയൂര്‍, പഴയനടക്കാവ്, പുഴയ്ക്കല്‍, കല്ലൂര്‍, തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങള്‍ തുടങ്ങി അഞ്ഞൂറിലധികം ക്ഷേത്രങ്ങളിലെ ഇല്ലം നിറക്ക് നല്‍കുന്നത് പഴന്നാന ചെമ്പന്തിട്ട പാടശേഖരത്തില്‍ വിളയുന്ന നെല്‍ കതിരുകളാണ്.
പാരമ്പര്യമായി ആലാട്ട് സഹോദരന്‍മാര്‍ നടത്തി വരുന്ന ഈ പ്രവൃത്തിക്ക് ഇപ്പോള്‍ വിത്തെറിയുന്നത് 81 വയസുള്ള വേലപ്പന്‍ കാരണവരുടെ നേതൃത്വത്തില്‍ ഇളമുറക്കാരാണ്. വര്‍ഷം തോറും നാലായിരത്തോളം കതിര്‍ കറ്റകളാണ് ഇല്ലം നിറക്കായി ഇവിടെ തയ്യാറാക്കി വരുന്നത്. അഞ്ച് ഏക്കര്‍ വരുന്ന നെല്‍വയലില്‍ ഏപ്രില്‍ മാസത്തില്‍ വിഷുവിനോടടുത്ത ദിവസങ്ങളിലാണ് കതിര്‍കറ്റ കൃഷിക്കായി വിത്തിറക്കുന്നത്.
90 ദിവസം മൂപ്പെത്താന്‍ ആവശ്യമായ കനക വിത്താണ് കതിര്‍ക്കറ്റ കൃഷക്കായി ഉപയോഗിക്കുന്നത്. പൈതൃകമായി ലഭിച്ച അവകാശം കാത്ത് സൂക്ഷിച്ച് കൊണ്ട് ഇല്ലംനിറ കൃഷിലൂടെ സാഫല്യം നേടുകയാണ് ആലാട്ട് തറവാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."