കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളില്‍ മന്ത്രിസഭ അധികാരമേറ്റു
കരുനാഗപ്പള്ളി: ഗേള്‍സ് ഹൈസ്‌കൂളിലെ രണ്ടായിരത്തില്‍പ്പരം കുട്ടികളെ ഇനി കുട്ടിമന്ത്രിമാര്‍ ഭരിക്കും. സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഹാജിറ ഹക്കീം, ലീഡര്‍ സോന ജാസ്മിന്‍ എന്നിവരെ കൂടാതെ ഫാത്തിമ (ആഭ്യന്തരം), അമാന (കൃഷി), മാളവിക തമ്പാന്‍ (സാമൂഹ്യ സേവനം), സ്വാതി സന്തോഷ് (ആരോഗ്യം), ലീബ ഫ്രാന്‍സിസ് (കലാ സാംസ്‌കാരികം), പൂജ എസ് സുനില്‍ (ഭക്ഷ്യം), അദിത്യ എം എസ് (ശാസ്ത്ര സാങ്കേതികം), ആമിന (ഗതാഗതം), ഭവിത (കായികം), മാളവിക (മനുഷ്യ വിഭവം ) എന്നി വകുപ്പുകളിലായി പത്ത് അംഗ മന്ത്രിസഭ അധികാരമേറ്റു. സ്‌കൂള്‍ ഹാളില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കുനൊപ്പം ജനപ്രതിനിധികളെയും രക്ഷാകര്‍ത്താക്കളെയും സാക്ഷിനിര്‍ത്തിയായിരുന്നു സ്‌കൂള്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ജനാധിപത്യവും അതിന്റെ പ്രവര്‍ത്തനരീതിയും പ്രായോഗികരീതിയില്‍ സ്‌കൂളില്‍ നടപ്പാക്കുകയാണെന്ന് സത്യപ്രതിജ്ഞാചടങ്ങ് ഉദ്ഘാടനം ചെയ്ത ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു.
സ്‌കൂള്‍ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കാപെക്‌സ് ചെയര്‍മാന്‍ പി ആര്‍ വസന്തന്‍ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാര്‍ക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എല്‍. ശ്രീലത സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപജില്ലാ മേളകളില്‍ അഞ്ചില്‍ നാല് ഓവറാളുകളും സ്‌കൂളിനു സമ്മാനിച്ച പ്രതിഭകളെ നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ശോഭന ആദരിച്ചു. പി.ടി.എ പ്രസിഡന്റ് കോട്ടയില്‍ രാജു ആധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷന്‍ ആര്‍. രവീന്ദ്രന്‍പിള്ള, കൗണ്‍സിലര്‍ എന്‍.സി ശ്രീകുമാര്‍, ഭരണസമിതി അംഗം എം. സുഗതന്‍, മാതൃസമിതി പ്രസിഡന്റ് ലേജു, കോ ഓഡിനേറ്റര്‍ ജി. മോഹനന്‍, ലീഡര്‍ സോന ജാസ്മിന്‍, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ ഹാജിറ ഹക്കീം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."