വാങ്ങരുതെന്ന് ആരും പറയേണ്ടെന്ന് ഇന്ത്യ
വാഷിങ്ടണ്‍: യു.എസിന്റെ ഉപരോധഭീഷണി അവഗണിച്ച് റഷ്യയുടെ നൂതന വിമാനവേധ മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങാനുള്ള തീരുമാനവുമായി ഇന്ത്യ മുന്നോട്ട്. യു.എസിന്റെ ആശങ്ക ഞങ്ങള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍ റഷ്യയുടെ എസ്-400 വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ടുപോവാനാണ് തീരുമാനമെന്ന് യു.എസ് സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.
സൈനിക ഉപകരണങ്ങള്‍ എവിടെ നിന്ന് വാങ്ങണമെന്നത് ഞങ്ങളുടെ പരമാധികാരത്തില്‍ പെട്ട കാര്യമാണെന്നത് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
റഷ്യയില്‍ നിന്നോ യു.എസില്‍ നിന്നോ എന്തെങ്കിലും വാങ്ങണമെന്നോ വാങ്ങരുതെന്നോ ഏതെങ്കിലും രാജ്യം പറയുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അത് ഞങ്ങളുടെ സ്വാതന്ത്ര്യമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
520 കോടി ഡോളറിന് റഷ്യയുടെ അഞ്ച് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് കഴിഞ്ഞവര്‍ഷം ഇന്ത്യ കരാറിലൊപ്പിട്ടിരുന്നു. അത് കൈമാറുന്നതിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഷ്യയും അറിയിച്ചിരുന്നു.
അതേസമയം യു.എസിന്റെ 2017ലെ നിയമമനുസരിച്ച് റഷ്യയില്‍ നിന്ന് വലിയതോതില്‍ ആയുധ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. ഉപരോധഭീഷണി അവഗണിച്ച് ജൂണില്‍ തുര്‍ക്കി റഷ്യയുടെ എസ്-400 വാങ്ങിയത് യു.എസുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതോടെ യു.എസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ തുര്‍ക്കിക്കു നല്‍കില്ലെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി.
ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന് യു.എസ് പറഞ്ഞിരുന്നു. അതോടെ ഇന്ത്യ ഇറാന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി. യു.എസുമായി മികച്ച ബന്ധമാണ് ഇന്ത്യക്കുള്ളതെന്നു പറഞ്ഞ ജയശങ്കര്‍ ഇറാനുമായി യു.എസിന്റെ നിലപാടല്ല ഇന്ത്യക്കുള്ളതെന്ന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."