സഹകരണ ജനാധിപത്യത്തെ പിണറായി സര്‍ക്കാര്‍ ചോരയില്‍ മുക്കിക്കൊല്ലുന്നു: മുല്ലപ്പള്ളി
തലശ്ശേരി: സഹകരണ ജനാധിപത്യത്തെ പിണറായി സര്‍ക്കാര്‍ ചോരയില്‍ മുക്കികൊല്ലുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.
തലശ്ശേരി അഗ്രിക്കള്‍റല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷത്തിനകമാണ് കേരള സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് പറഞ്ഞ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. എന്നാല്‍ എന്തിനാണ് ഇത്രയും ധൃതിപിടിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള സാഹചര്യമെന്ന് വ്യക്തമല്ല. മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന സമയത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത് തെരഞ്ഞെടുപ്പു ചട്ടലംഘനമാണ്.
ഇതുവഴി കേരളത്തിലെ 14 ജില്ലകളിലെയും സഹകരണ ബാങ്കുകളാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. 14 ബാങ്കുകളിലും അഡ്മിനിസ്‌ട്രേറ്റ്മാരെ വെച്ച് ഇത്രയും ഗൗരവകരമായ തീരുമാനമെടുക്കുമ്പോള്‍ എന്ത് കൊണ്ട് രാഷ്ട്രീയ പാര്‍ട്ടികളെ വിശ്വാസത്തിലെടുത്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു. ചടങ്ങില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി അധ്യക്ഷനായി.
ഫലവൃക്ഷത്തൈ വിതരണം വി.എ നാരായണന്‍ നിര്‍വഹിച്ചു. മണ്ണയാട് ബാലകൃഷ്ണന്‍, സൊസൈറ്റി സെക്രട്ടറി എം. സതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."