നെഹ്‌റു ട്രോഫി വള്ളം കളിക്കൊരുങ്ങി പുന്നമട
ആലപ്പുഴ: പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ച 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നവംബര്‍ 10ന് പുന്നമടയില്‍ നടക്കും.
നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളം കളിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. 81 ജലരാജാക്കന്മാര്‍ ഇത്തവണ നെഹ്‌റുട്രോഫിയില്‍ പങ്കെടുക്കും. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ അഞ്ച് വള്ളങ്ങളും ഉള്‍പ്പടെ 25 ചുണ്ടന്‍വള്ളങ്ങള്‍ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ ഒന്‍പത് വള്ളങ്ങളും വെപ്പ് ബി വിഭാഗത്തില്‍ ഏഴ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 17 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ ഒന്‍പത് വള്ളങ്ങളും നാല് ചുരുളന്‍ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 56 ചെറുവള്ളങ്ങള്‍ ആണ് ഇക്കുറി മത്സരരംഗത്തുള്ളത്.
81 വള്ളങ്ങള്‍ മത്സരിക്കുന്ന ഈ ജലമേളയില്‍ ഇക്കുറി വള്ളങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാള്‍ 10 വര്‍ധിപ്പിച്ചിട്ടുണ്ട്.
അത്തരത്തില്‍ ഏകദേശം ഒന്നര കോടിയോളം രൂപ ബോണസും ഗ്രാന്‍ഡായും നല്‍കുന്നുണ്ട്. കൂടാതെ ഇത്തവണ മുന്നിലെത്തുന്ന 10 വള്ളങ്ങള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
നവംബര്‍ 10ന് രാവിലെ 11 മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.
നഗരം സി.സി.ടി.വി കണ്ണുകളില്‍
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളിയുടെ സുരക്ഷയ്ക്കായി 2000 പൊലിസുകാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരം നിരീക്ഷിക്കുന്നതിന് സി.സി.ടി.വികള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചു.
സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ പൊലിസ് ഒരുക്കിയിട്ടുണ്ട്.ഹോളോഗ്രാം പതിച്ച ടിക്കറ്റുകള്‍ ഹോളോഗ്രാം പതിച്ച മുദ്രവച്ച ടിക്കറ്റുകളാണ് ഇത്തവണ വില്‍ക്കുന്നത്. വ്യാജ ടിക്കറ്റുകളുടെ വില്‍പ്പന പൂര്‍ണമായി ഇല്ലാതാക്കാനാണ് ഈ നടപടി. കാഴ്ചക്കാര്‍ക്കായി കൂടുതല്‍ സീറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ പവലിയനുകളില്‍ സൗജന്യ കുടിവെള്ള വിതരണവും ഉണ്ട്. എല്ലാ പവലിയനുകളിലും ഭക്ഷണശാലകള്‍. പാസുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. കാണികള്‍ രാവിലെ 10ന് മുന്‍പ് പ്രവേശിക്കണം. ഭൂരിഭാഗം വള്ളങ്ങളും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പവലിയന്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു.
ഉന്നത നിലവാരത്തിലുള്ള സ്റ്റാര്‍ട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.
ചരിത്രത്തിലാദ്യമായി മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സവിശേഷ കഴിവുഉള്ളവര്‍, സ്ത്രീകളും കുട്ടികളും എന്നിവര്‍ക്ക് പ്രത്യേകം തയാറാക്കിയ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയ വൊളന്റിയര്‍മാരും ഉണ്ടാകും. 2000 പൊലിസുകാര്‍ നഗരത്തില്‍ സുരക്ഷാ വലയം തീര്‍ക്കും. നഗരവും പുന്നമടയും ശക്തമായ ക്യാമറ നിരീക്ഷണത്തിലാകും. പവലിയനുകളില്‍ കര്‍ശനമായ പൊലിസ് സാന്നിദ്ധ്യം ഉണ്ടാകും. മുങ്ങല്‍ വിദഗ്ധര്‍, സ്‌കൂബാ ഡൈവേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ സജ്ജമായ ഫയര്‍ & റെസ്‌ക്യൂ ടീം അണി നിരക്കും. റസ്‌ക്യൂ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ എല്ലാവിധ ക്രമീകരണങ്ങളുമായി എട്ട് മെഡിക്കല്‍ ടീമുകള്‍ ഉണ്ടാകും. കര്‍ശനമായ പ്ലാസ്റ്റിക് നിയന്ത്രണം ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. കെ.എസ്.ആര്‍.റ്റി.സി, സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അന്നേ ദിവസം കൂടുതല്‍ സര്‍വിസുകള്‍ നടത്തും. എക്‌സൈസിന്റെ മൂന്ന് സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും. പ്രൈസ് മണിയിലും വര്‍ധനവ് വരുത്തിയിട്ടുണ്ട്. പത്രസമ്മേളനത്തില്‍ ധനമന്ത്രി ടി.എം തോമസ് ഐസക്കിനെക്കൂടാതെ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സബ്കലക്ടര്‍ വി.ആര്‍.കൃഷ്ണതേജ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരന്‍ ബാബു, ഡിവൈ.എസ്.പി. പി.വി.ബേബി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."