കരിയാര്‍ സ്പില്‍വേയില്‍ താല്‍ക്കാലിക മുട്ട് നിര്‍മിക്കണം
വൈക്കം: കരിയാര്‍ സ്പില്‍വേയുടെ നിര്‍മാണ വൈകല്യം പരിഹരിക്കുവാനായി താല്‍ക്കാലിക മുട്ട് നിര്‍മിക്കാന്‍ കൃഷി വകുപ്പ് മന്ത്രി കോട്ടയം, ആലപ്പുഴ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കരിയാര്‍ സ്പില്‍വേയുടെ ഷട്ടറുകളുടെ ഉയരക്കുറവും ഷട്ടറിന്റെ അടിവശത്തെ നിര്‍മാണ വൈകല്യവും മൂലം ഓരുവെള്ളം കയറി തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളിലെ കൃഷി നശിക്കുന്നതു പതിവാണ്. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാകുന്നത്. ഈ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി അഖിലേന്ത്യ കിസാന്‍സഭ കോട്ടയം ജില്ലാ കമ്മിറ്റി കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാറിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കി. ഡിസംബര്‍ 10ന് മുന്‍പ് മുട്ട് ഇടണം എന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയത്. കൂടാതെ പ്രളയക്കെടുതി മൂലം മടവീഴ്ചയുണ്ടായ പാടശേഖരങ്ങള്‍ക്കും ബണ്ട് സംരക്ഷണം നടത്തിയവര്‍ക്കും മോട്ടോര്‍ നശിച്ചവര്‍ക്കുമുള്ള നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കുമെന്നും ഇന്‍ഷുര്‍ ചെയ്ത പാടശേഖരങ്ങളുടെ നഷ്ടപരിഹാരം കൊടുക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി അറിയിച്ചെന്നും ഇവര്‍ പറഞ്ഞു. നിവേദക സംഘത്തില്‍ കിസാന്‍സഭ ജില്ലാ സെക്രട്ടറി ഇ.എന്‍ ദാസപ്പന്‍, മണ്ഡലം സെക്രട്ടറി കെ.കെ ചന്ദ്രബാബു, കെ.രമേശന്‍, കെ.സി ഗോപാലകൃഷ്ണന്‍ നായര്‍, ജോസഫ് ഇടത്തില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."