സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം
ന്യൂഡല്‍ഹി: ജമ്മുകശ്മിരിന്റെ പ്രത്യേക പദവി സംബന്ധിച്ച 370ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികള്‍ നവംബര്‍ 14ലേക്കു മാറ്റി. ഇന്നലെ രാവിലെ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് മുന്‍പാകെയാണ് കേസ് എത്തിയത്. ഹരജികളില്‍ പ്രാഥമിക വാദം മാത്രമാണ് കേട്ടത്. ഹരജിപരിഗണനയ്‌ക്കെടുത്ത ഉടന്‍ വിഷയത്തില്‍ തങ്ങള്‍ക്ക് നിലപാട് അറിയിക്കാന്‍ സമയം വേണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ അറിയിക്കുകയായിരുന്നു. ഇത് അംഗീകരിച്ച കോടതി, കേസ് അടുത്തമാസത്തേക്കു നീട്ടിവച്ചതായി അറിയിക്കുകയായിരുന്നു.
കേസില്‍ ഇനി കൂടുതല്‍ ഹരജി അനുവദിക്കില്ലെന്നും ഒരു വിഷയത്തില്‍ തന്നെ ഒരുലക്ഷം ഹരജികള്‍ ഫയല്‍ചെയ്യുന്നത് ശരിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കേന്ദ്രത്തോടും സംസ്ഥാനത്തോടും എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയാണെന്നും എന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ എസ്.കെ കൗള്‍, ആര്‍. സുഭാഷ് റെഡ്ഡി, ബി.ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങള്‍.
അതേസമയം, 370ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ സംസ്ഥാനത്ത് മാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. മേഖലയില്‍ മാധ്യമങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള നിയന്ത്രണങ്ങളുമില്ലെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. പതിവ് അറിയിപ്പുകള്‍ പുറപ്പെടുവിക്കുന്നുണ്ടെന്നും അത് മാധ്യമങ്ങള്‍ക്ക് വിതരണംചെയ്യുന്നുണ്ടെന്നും സര്‍ക്കാര്‍ അവകാശപ്പെട്ടു.
സാധാരണനില കൈവരിക്കുന്നതിന് വിഘടനവാദികള്‍ തടസംനില്‍ക്കുകയാണ്. സാധാരണക്കാര്‍ക്ക് വിഘടനവാദികളില്‍ നിന്നും സായുധസംഘങ്ങളില്‍ നിന്നും ഭീഷണിയുണ്ട്. സംസ്ഥാനത്ത് ആരോഗ്യമേഖലയും സാധാരണ നിലയിലാണ്. അവശ്യമരുന്നുകളുടെ മതിയായ ശേഖരം സംസ്ഥാനത്തുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍, ഈ അവകാശവാദങ്ങളെ ഹരജിക്കാരുടെ അഭിഭാഷകര്‍ എതിര്‍ത്തു.
ജമ്മുകശ്മിരില്‍ ജനങ്ങള്‍ക്ക് മതിയായ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് അഭിഭാഷകനായ മീനാക്ഷി അരോറ ചൂണ്ടിക്കാട്ടി. ഈ കേസ് നവംബര്‍ 16ന് വീണ്ടും പരിഗണിക്കും. അതിനിടെ സി.പി.എം നേതാവും ജമ്മുകശ്മിരിലെ എം.എല്‍.എയുമായ യൂസുഫ് തരിഗാമിക്കു വേണ്ടി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞു.
370ാം വകുപ്പ് റദ്ദാക്കി ജമ്മുകശ്മിരിനെ വിഭജിക്കുകയും അതേതുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെടുകയും ചെയ്ത പ്രത്യേക സാഹചര്യം സംബന്ധിച്ച് നിരവധി ഹരജികളാണ് സുപ്രിംകോടതി മുന്‍പാകെ എത്തിയിരുന്നത്. നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമാരായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി, ജമ്മുകശ്മിര്‍ വിഷയത്തില്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച മധ്യസ്ഥ സംഘത്തിലെ അംഗം രാധാകുമാര്‍, ജമ്മുകശ്മിര്‍ മുന്‍ ചീഫ് സെക്രട്ടറി ഹിന്‍ദാല്‍ ഹൈദര്‍ തിയാബ്ജി, വിരമിച്ച മേജര്‍ ജനറല്‍ അശോക് കുമാര്‍ മേത്ത, മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള എന്നിവരുടെതുള്‍പ്പെടെയുള്ള ഹരജികളാണ് സുപ്രിംകോടതിയിലുള്ളത്.
കശ്മിരിലെ വീട്ടില്‍ പോവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷനേതാവുമായ ഗുലാംനബി ആസാദിന്റെ അപേക്ഷ, യൂസുഫ് തരിഗാമിയുടെ വീട്ടുതടങ്കലിനെതിരേ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാംയെച്ചൂരി നല്‍കിയ അപേക്ഷ, 370ാംവകുപ്പ് റദ്ദാക്കിയതിനെതിരായ നാഷനല്‍ കോണ്‍ഫറന്‍സ് എം.പിമരായ മുഹമ്മദ് അക്ബര്‍ ലോണിന്റെയും ഹസ്‌നൈന്‍ മസൂദിയുടെയും അപേക്ഷകള്‍ തുടങ്ങിയവയും കോടതിയുടെ പരിഗണനയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."