കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വായി സ്മാം പദ്ധതി
തൊടുപുഴ: കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വായി സ്മാം (സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍)പദ്ധതി മാറുന്നു.
കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍കരണത്തിലൂടെ ഉല്‍പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര കൃഷി മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയില്‍ 2018-19 കാലയളവില്‍ ആദ്യ ഘട്ടത്തില്‍ 13.61 കോടി രൂപയ്ക്കുളള അനുമതിയായി.
രണ്ടാം ഘട്ടത്തില്‍ 6.51 കോടി കൂടി അനുവദിച്ചേക്കും. ഇത്തവണ പ്രളയത്തിലും കാലവര്‍ഷക്കെടുതിയിലും കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടമാണുണ്ടായത്.
ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും ഹെക്ടര്‍കണക്കിന് സ്ഥലത്തെ കൃഷിയും കൃഷിയിടവും കോടി കണക്കിന് രൂപയുടെ കാര്‍ഷികോപകരണങ്ങളും നശിച്ചിരുന്നു. ഇതു കാര്‍ഷികമേഖലയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ സ്മാം പദ്ധതി കാര്‍ഷികമേഖലയ്ക്ക് കൂടുതല്‍ ഉത്തേജനം പകരും.
പദ്ധതിയിലൂടെ കര്‍ഷകന് 50 ശതമാനവും സൊസൈറ്റികള്‍,സെല്‍ഫ് ഹെല്‍പ് ഗ്രൂപ്പുകള്‍ എന്നിവയ്ക്ക് 80 ശതമാനവും സബ്‌സിഡി നിരക്കില്‍ കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനാകും. ഇതില്‍ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്.ഇടുക്കി-1.94 കോടി, തൃശൂര്‍-1.45 കോടി, വയനാട്-1.18 കോടി, പാലക്കാട്-3.12 കോടി,കണ്ണൂര്‍ 1.34 കോടി,തിരുവനന്തപുരം-39 ലക്ഷം,കൊല്ലം-24 ലക്ഷം,പത്തനംതിട്ട-20,ആലപ്പുഴ-95,കോട്ടയം-81,എറണാകുളം-17, മലപ്പുറം-67 ലക്ഷം, കോഴിക്കോട് 91 ലക്ഷം,കാസര്‍കോട്-24 ലക്ഷം എന്നിങ്ങനെയാണ് ഇത്തവണ ജില്ല തിരിച്ച് തുക അനുവദിച്ചിട്ടുള്ളത്.
ഇടുക്കിയില്‍ മാത്രം 1783 കര്‍ഷകരില്‍ നിന്നും 26 സൊസൈറ്റികളില്‍ നിന്നുമായി ആറുകോടിയുടെ കാര്‍ഷികോപകരണങ്ങള്‍ക്കുള്ള അപേക്ഷയാണ് ലഭിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പധികൃതര്‍ പറഞ്ഞു.
ചില ജില്ലകളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
പ്രളയത്തെ തുടര്‍ന്നുണ്ടായ സാങ്കേതിക തടസം മറ്റ് ജില്ലകളില്‍ പദ്ധതിയുടെ നടത്തിപ്പിന് കാലതാമസത്തിന് കാരണമായിട്ടുണ്ടെങ്കിലും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ഓരോ ജില്ലകളിലും കലക്ടര്‍ ചെയര്‍മാനായും കൃഷി ഡെപ്യൂട്ടി ഡയരക്ടര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍(അഗ്രികള്‍ച്ചര്‍) അംഗങ്ങളുമായുള്ള സമിതിയാണ് ഗുണഭോക്താക്കളുടെ അന്തിമലിസ്റ്റിന് അംഗീകാരം നല്‍കുന്നത്. നാഷനല്‍ മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ എക്‌സറ്റന്‍ഷന്‍ ആന്‍ഡ് ടെക്‌നോളജി(എന്‍.എ.എം.ഇ.ടി)യുടെ കീഴിലാണ് സ്മാമിന്റെ പ്രവര്‍ത്തനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."