കടല്‍ മത്സ്യബന്ധനം: ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനു വിലക്ക്
ആലപ്പുഴ: കടലില്‍ നിന്ന് നിശ്ചിത വലിപ്പത്തില്‍ കുറഞ്ഞ ചെറുമത്സ്യങ്ങള്‍ പിടിച്ചെടുത്ത് വിപണനം ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ചെറുമത്സ്യങ്ങളെ പിടിച്ചെടുക്കുന്ന മത്സ്യബന്ധനരീതി നിരുത്സാഹപ്പെടുത്തുന്നതിനായി കണിച്ചുകുളങ്ങര മേഖലയില്‍ ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ വ്യാപക പരിശോധനകള്‍ നടന്നു വരികയാണ്. ചെറുമത്സ്യങ്ങളെ പിടിച്ച് നശിപ്പിക്കുന്നത് മത്സ്യസമ്പത്തിന് സര്‍വ്വനാശം വരുത്തും. മത്സ്യത്തൊഴിലാളികള്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണം. ഇത്തരം മത്സ്യബന്ധന രീതികളിലൂടെ മത്സ്യത്തൊഴിലാളികള്‍ക്കു കാര്യമായ നേട്ടമില്ല. ചെറുമത്സ്യങ്ങളെ തമിഴ്‌നാട്ടിലെ സംസ്‌കരണശാലകളില്‍ എത്തിച്ച് മത്സ്യവളമായും മറ്റും ഉപയോഗിക്കാന്‍ കൂട്ടുനില്‍ക്കുന്ന ഇടനിലക്കാരാണ് മുഖ്യഗുണഭോക്താക്കളെന്ന് തിരിച്ചറിയണം. തീരദേശത്ത് നടത്തുന്ന പരിശോധനയ്ക്ക് പുറമെ ഇത്തരം മത്സ്യങ്ങള്‍ തമിഴ്‌നാട്ടിലേയ്ക്ക് കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. കണിച്ചുകുളങ്ങര കടപ്പുറത്ത് ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് സാജുവിന്റെ നേതൃത്വത്തില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. വള്ളം ഉടമകള്‍ക്കായി ബോധവത്കരണ പരിപാടി നടത്തി. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്ന യാനത്തിന്റെ രജിസ്‌ട്രേഷനും ലൈസന്‍സും മണ്ണെണ്ണ പെര്‍മിറ്റും റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."