HOME
DETAILS

കൊച്ചി മെട്രോയിലെ എട്ടുകാലി ഭയപ്പാടുകള്‍

  
backup
June 17 2017 | 21:06 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8e%e0%b4%9f%e0%b5%8d%e0%b4%9f

സാര്‍വലൗകിക സ്വഭാവമുള്ളവരാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങള്‍. നമ്മള്‍ ലോകത്തിന്റെ ഏതു കോണില്‍ പോയാലും ഒരു ആനവാരി രാമന്‍ നായരെയും ഒരു പൊന്‍കുരിശു തോമയെയും ഒരു മണ്ടന്‍ മുത്തപ്പയെയും ഒരു എട്ടുകാലി മമ്മൂഞ്ഞിനെയുമൊക്കെ കാണും. ഇക്കൂട്ടത്തില്‍ നമ്മള്‍ കേരളീയര്‍ക്ക് ഏറ്റവുമധികം പരിചയം എട്ടുകാലി മമ്മൂഞ്ഞുമാരെയാണ്. രാഷ്ട്രീയരംഗത്താണ് ഇവരുടെ വിളയാട്ടം. നാട്ടില്‍ എന്തു നല്ല കാര്യം നടന്നാലും അതൊക്കെ തന്റെ ശ്രമഫലമാണെന്നു പറഞ്ഞു ഞെളിയുന്നവര്‍. കാലം ചെല്ലുന്തോറും ഇക്കൂട്ടരുടെ എണ്ണം പെരുകുന്നുണ്ടെന്ന് നമുക്കൊക്കെ അറിയാമെങ്കിലും അവര്‍ കേരളത്തിനു താങ്ങാവുന്നതിലധികം പെരുകിയിട്ടുണ്ടെന്ന് മനസ്സിലായത് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടന വേളയിലെത്തിയപ്പോഴാണ്. കൊച്ചി മെട്രോയ്ക്ക് എണ്ണിയാലൊടുങ്ങാത്ത പിതാക്കളുണ്ടിപ്പോള്‍. ഇക്കൂട്ടത്തില്‍ ചിലര്‍ ഉദ്ഘാടനവേദിയിലേക്ക് തള്ളിക്കയറാനുംചിലരെ മറ്റു ചിലര്‍ തള്ളിയിറക്കാനും നടത്തിയ ശ്രമങ്ങളുടെ കോലാഹലം നിറഞ്ഞുനില്‍ക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പത്രത്താളുകളില്‍.

പതിവുപോലെ സംഘ്പരിവാര്‍ തന്നെയായിരുന്നു അവകാശവാദങ്ങളുടെ മുന്‍പന്തിയില്‍. മെട്രോ യഥാര്‍ഥ്യമാവാന്‍ ഒരേയൊരു കാരണക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും സംഘ്പരിവാറിന്റെ ശ്രമഫലമായാണ് അതു നടന്നതെന്നും സ്ഥാപിച്ചെടുക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി ബി.ജെ.പി നേതാക്കള്‍.
മെട്രോയ്ക്ക് തൂണു പണിതതും സിമന്റ് കുഴച്ചതും പാളമിട്ടതുമൊക്കെ മോദി മുതല്‍ താഴേക്കുള്ള നേതാക്കള്‍ ചേര്‍ന്നാണെന്ന് തോന്നുന്ന തരത്തിലായിരുന്നു അവരുടെ പ്രചാരണം. ഉദ്ഘാടനവേദിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മെട്രോമാന്‍ ഇ. ശ്രീധരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വേദിയില്‍ ഇടം നല്‍കിയതിന്റെ ക്രെഡിറ്റ് പോലും അവകാശപ്പെട്ട് പത്രസമ്മേളനം നടത്തിയ കുമ്മനം രാജശേഖരന്‍ വ്യാപകമായി പരിഹാസം ഏറ്റുവാങ്ങുന്നതും കേരളം കണ്ടു.
അവകാശവാദത്തില്‍ രണ്ടാം സ്ഥാനത്തു നിന്നത് സംസ്ഥാനം ഭരിക്കുന്ന എല്‍.ഡി.എഫ്, പ്രത്യേകിച്ച് സി.പി.എം. ഈ സര്‍ക്കാരാണ് മെട്രോയുടെ പണി അടിമുതല്‍ മുടിവരെ നടത്തിയതെന്ന് ധ്വനിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സര്‍ക്കാര്‍ പരസ്യങ്ങള്‍. അവിടെയും നിന്നില്ല സി.പി.എം നേതാക്കളും പ്രവര്‍ത്തകരും. ഇപ്പോഴത്തെ 'കരുത്തനായ' മുഖ്യമന്ത്രി ഒരാളുടെ ശ്രമത്തിന്റെ ഫലം മാത്രമാണ് മെട്രോയെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച പ്രചാരണം അവരും നടത്തി. മെട്രോയുടെ ക്രെഡിറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കാതിരിക്കാന്‍ രണ്ടു കൂട്ടരും കിണഞ്ഞു ശ്രമിച്ചു. അതിന്റെ ഭാഗമായുണ്ടായ കുതന്ത്രങ്ങളുടെയും പാരവയ്പ്പുകളുടെയും ഫലമായിരുന്നു ഉദ്ഘാടനവേദിയിലെ പ്രമുഖരുടെ സാന്നിധ്യവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍.
സത്യത്തില്‍ ആരുടെയൊക്കെ ശ്രമഫലമാണ് മെട്രോയെന്ന് കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ചിട്ടില്ലാത്ത എല്ലാവര്‍ക്കും നന്നായി അറിയാം. എന്തൊക്കെ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭരണതലത്തില്‍ പറയുകയാണെങ്കില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ, പ്രത്യേകിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കഠിന പ്രയത്‌നത്തിന്റെ ഫലമായി തന്നെയാണ് മെട്രോ യാഥാര്‍ഥ്യമായത്. എന്തു വിലകൊടുത്തും ഈ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ഉറച്ച നിലപാടെടുത്തതിന്റെ പേരില്‍ കണക്കില്ലാത്ത പഴിയാണ് ഉമ്മന്‍ ചാണ്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.
ആരോപണങ്ങള്‍ ഉന്നയിച്ചതാകട്ടെ, ഇപ്പോള്‍ പദ്ധതിയുടെ പിതൃത്വം അവകാശപ്പെടുന്ന സംഘ്പരിവാറും എല്‍.ഡി.എഫും. ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പദ്ധതി പ്രവൃത്തിപഥത്തിലെത്തിച്ചതിന്റെ ക്രെഡിറ്റ് ഇ. ശ്രീധരനു തന്നെയാണ്, രാഷ്ട്രീയക്കാരന്‍ അല്ലാത്തതിനാല്‍ അദ്ദേഹം അത് അവകാശപ്പെടുന്നില്ലെങ്കിലും. അതും കഴിഞ്ഞാലുള്ള ക്രെഡിറ്റ് പദ്ധതിക്കായി വിയര്‍പ്പൊഴുക്കിയ തൊഴിലാളികള്‍ക്കും.
മെട്രോ യാഥാര്‍ഥ്യമായതില്‍ മറ്റെല്ലാ രാഷ്ട്രീയ ചേരികളെക്കാളധികം സംഭാവന നല്‍കിയ യു.ഡി.എഫും അവകാശവാദവുമായി രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ മറ്റു പല കാര്യങ്ങളിലുമെന്ന പോലെ ഇക്കാര്യത്തിലും അവര്‍ ഏറെ പിറകിലായിപ്പോയി.
ബഹുജന പ്രതിഷേധത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന്റെയും ഫലമായി ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയില്‍ ഇടംകിട്ടിയെങ്കിലും അവിടെയിരിക്കാന്‍ ഏറ്റവുമധികം അര്‍ഹതയുള്ള ഉമ്മന്‍ ചാണ്ടി ഒഴിവാക്കപ്പെട്ടത് പലരും ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ മനഃപൂര്‍വം അവഗണിച്ചു. അതു വിവാദമാക്കാതിരിക്കാനുള്ള രാഷ്ട്രീയ മാന്യത അദ്ദേഹം കാണിച്ചതിനാല്‍ അതിന്റെ പേരില്‍ വലിയ കോലാഹലങ്ങളൊന്നും ഉണ്ടായില്ല.
ശ്രീധരനും ഉമ്മന്‍ ചാണ്ടിയുമൊക്കെ അവഗണിക്കപ്പെട്ടതിനു പിന്നില്‍ അധികാര രാഷ്ട്രീയക്കാരുടെ എട്ടുകാലി മമ്മൂഞ്ഞ് മാനസികാവസ്ഥയില്‍ നിന്ന് ഉരുത്തിരിയുന്ന ഒരുതരം ഭയമാണെന്നു വ്യക്തം. അതിനു തെളിവാണ് ഉദ്ഘാടനവേദിയില്‍ ശ്രീധരന്‍ എത്തിയപ്പോള്‍ ഉയര്‍ന്ന വന്‍ കരഘോഷം. പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവിടെ ആ അളവില്‍ ജനങ്ങളുടെ അഭിനന്ദനം ലഭിച്ചില്ല. വേദിയില്‍ ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ ശ്രീധരനു ലഭിച്ച അതേ ആദരം അദ്ദേഹത്തിനും ലഭിക്കുമായിരുന്നു എന്ന് ഉറപ്പാണ്.
ഫലത്തില്‍ ഇവരുടെ സാന്നിധ്യത്തില്‍ ഇടിഞ്ഞുപോകുന്നത് ഏറെ പണിപ്പെട്ട് വളര്‍ത്തിയെടുത്ത മോദിയുടെയും മറ്റു കേന്ദ്ര, സംസ്ഥാന ഭരണാധികാരികളുടെയും ഇമേജ് തന്നെയായിരിക്കും. വേദിയില്‍ ചിലര്‍ വേണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചതും ചിലരെ ഉള്‍പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്താതിരുന്നതും ഈ ഭയപ്പാടു മൂലമാണ്.
******
കൊച്ചി നഗരം മെട്രോ ഉദ്ഘാടനത്തിന്റെ ലഹരിയിലമര്‍ന്നപ്പോള്‍ തൊട്ടപ്പുറത്തു നിന്ന് ഉയരുന്ന ഒരു ജനസമൂഹത്തിന്റെ നിലവിളി ആരും കേട്ടില്ല. കൊച്ചിയില്‍ തന്നെയുള്ള പുതുവൈപ്പിനില്‍ നിലനില്‍പ്പിനായി പൊരുതുന്ന ജനതയുടെ നിലവിളി. ഇവിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍.പി.ജി സംഭരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാര്‍ കുറച്ചു ദിവസമായി സമരത്തിലാണ്. വെള്ളിയാഴ്ച ഇവര്‍ നിര്‍മാണസ്ഥലത്തേക്ക് മാര്‍ച്ച് ചെയ്തത്, പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നഗരം ശാന്തസുന്ദരമാക്കി നിര്‍ത്താന്‍ ഇറങ്ങിത്തിരിച്ച പൊലിസുകാര്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. സ്ത്രീകളും കുട്ടികളുമടക്കം 350 ഓളം പേരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
അറസ്റ്റിനു വിസമ്മതിച്ച ചിലര്‍ ഹൈക്കോടതിക്കടുത്ത് റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചപ്പോള്‍ പൊലിസ് അവരെ ക്രൂരമായാണ് നേരിട്ടത്. നൂറോളം പേര്‍ക്ക് മര്‍ദനമേറ്റു. ഒരു പ്രമുഖ രാഷ്ട്രീയകക്ഷിയുടെ പ്രാദേശിക നേതാവിന്റെ വൃഷണം പൊലിസ് തകര്‍ത്ത സംഭവവുമുണ്ടായി.
എന്നാല്‍, ഇതൊന്നും അറിഞ്ഞ ഭാവം പോലുമില്ലാതെയാണ് പൊലിസ് വകുപ്പു കൈയാളുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള പ്രമുഖ നേതാക്കള്‍ സുസ്‌മേരവദനരായി മെട്രോ ഉദ്ഘാടനത്തിനെത്തിയത്. മാത്രമല്ല അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗം വിവാദമാകുകയുമാണ്.
വികസനമെന്ന മുദ്രാവാക്യവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും വലിയ വികസനപ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ ചിലര്‍ക്കൊക്കെ ബുദ്ധിമുട്ടുണ്ടാകുമെന്നുമൊക്കെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ പുതുവൈപ്പിന്‍ ജനതയ്ക്കുള്ള മുന്നറിയിപ്പായും പാവങ്ങളെ വകവയ്ക്കാതെ വന്‍കിട വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഭരണകൂട ധാര്‍ഷ്ട്യവുമായൊക്കെ വിലയിരുത്തപ്പെടുകയാണിപ്പോള്‍.
മെട്രോ പോലുള്ള വന്‍കിട പദ്ധതികള്‍ കാലഘട്ടത്തിന്റെ ആവശ്യം തന്നെയാണ്. അതുപോലെ തന്നെ എല്‍.പി.ജി സംഭരണ പ്ലാന്റുകളും. എന്നാല്‍, ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തിക്കൊണ്ട് ജനവാസകേന്ദ്രങ്ങളില്‍ തന്നെയാവണം വികസനപദ്ധതികളെന്ന ശാഠ്യം മനുഷ്യത്വമുള്ള ഭരണസംവിധാനങ്ങള്‍ക്കൊന്നും ചേര്‍ന്നതല്ല.
ഭരണകൂട ഭാഷ്യം പോലെ ഇത്തരം സ്ഥാപനങ്ങള്‍ തീര്‍ത്തും സുരക്ഷിതമാണെങ്കില്‍ അതു ജനങ്ങളെ ബോധ്യപ്പെടുത്താനാവണം. അതിനായില്ലെങ്കില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാത്ത വേറെ സ്ഥലങ്ങള്‍ കണ്ടെത്തണം. അതിനൊന്നും തയാറാവാതെ ഭരണകൂടവും അതിന്റെ സേനാസംവിധാനങ്ങളും ജനങ്ങളെ ഭീഷണിപ്പെടുത്തി മുന്നോട്ടുപോകുന്ന കാഴ്ചയാണ് പുതുവൈപ്പിനില്‍ കാണുന്നത്. അവിടെ നിന്നുയര്‍ന്ന നിലവിളി മെട്രോ ഉദ്ഘാടനച്ചടങ്ങിന്റെ പകിട്ടിന് വലിയ മങ്ങലാണ് ഏല്‍പിച്ചിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a minute ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  2 minutes ago
No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  36 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  an hour ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  2 hours ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago