HOME
DETAILS
MAL
നഷ്ടപരിഹാര നിര്‍ണയം നിയമക്കുരുക്കിലായേക്കും
backup
October 01 2019 | 19:10 PM
#സുനി അല്‍ഹാദി
കൊച്ചി: മരടില്‍ പൊളിച്ചുനീക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശമനുസരിച്ചുള്ള നഷ്ടപരിഹാര നിര്‍ണയം നിയമക്കുരുക്കിലാകുമെന്ന് സൂചന. ഫ്‌ളാറ്റുകളില്‍ പലതും ഇപ്പോഴും നിര്‍മാതാക്കളുടെ പേരില്‍തന്നെ തുടരുന്നതും സ്വന്തം പേരിലേക്ക് മാറ്റിയവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് തുക കുറച്ച് കാണിച്ചതുമാണ് കുരുക്കായി മാറുക.
മരടിലെ ഫ്‌ളാറ്റുകളില്‍ പലതും ഇപ്പോഴും ബില്‍ഡര്‍മാരുടെ പേരില്‍തന്നെയാണെന്ന രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. മൊത്തം 343 ഫ്‌ളാറ്റുകളില്‍ 191 എണ്ണത്തിന്റെയും രജിസ്‌ട്രേഷന്‍ പുതിയ ഉടമകളിലേക്ക് മാറ്റിയിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ജെയിന്‍ ഗ്രൂപ്പിലെ കോറല്‍ സമുച്ചയത്തിലെ ആകെയുള്ള 122 ഫ്‌ളാറ്റുകളും ഹോളിഫെയ്ത്ത് ഗ്രൂപ്പിന്റെ എച്ച്.ടു.ഒയിലെ ഫ്‌ളാറ്റുകളില്‍ 49 എണ്ണവും അല്‍ഫാ സെറീനിലെ 11 ഫ്‌ളാറ്റുകളും ഗോള്‍ഡന്‍ കായലോരത്തിലെ ഒന്‍പത് ഫ്‌ളാറ്റുകളും ഇപ്പോഴും നിര്‍മാതാക്കളുടെ പേരിലാണെന്നാണ് നഗരസഭാ അധികൃതര്‍ സൂചിപ്പിക്കുന്നത്. വില്‍പന കരാറും മറ്റും മാത്രമാണ് ഇപ്പോഴും താമസക്കാരുടെ കൈയിലുള്ളത്. എന്നാല്‍, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനാണ് നിയമപ്രാബല്യമുള്ളത്.
സുപ്രിംകോടതി നിര്‍ദേശമനുസരിച്ച് അടിയന്തര ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപയാണ് ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കേണ്ടത്. മാത്രമല്ല, തുടര്‍ന്നുള്ള നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിഷനെ നിശ്ചയിച്ചിട്ടുമുണ്ട്. നഗരസഭയിലും വില്ലേജിലുമുള്ള ഉടമസ്ഥാവകാശ രേഖകളാണ് നഷ്ടപരിഹാര നിര്‍ണയത്തിന് ആധാരമായി മാറുക.
പൊളിക്കുന്നതിന് മുന്നോടിയായി വൈദ്യുതി കണക്ഷന്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി അധികൃതര്‍ കഴിഞ്ഞ ദിവസം ഫ്‌ളാറ്റുകളില്‍ പതിച്ച നോട്ടിസ് അനുസരിച്ച് ഒരേ പേരില്‍തന്നെ അഞ്ചും അതിലധികവും കണക്ഷനുള്ളതായി വ്യക്തമാകുന്നുമുണ്ട്.
ഫ്‌ളാറ്റുകള്‍ സ്വന്തം പേരിലേക്ക് മാറ്റിയവര്‍ രജിസ്‌ട്രേഷന്‍ സമയത്ത് വിലയാധാരത്തില്‍ തുക കുറച്ച് കാണിച്ചതും കുരുക്കായി മാറും. ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ പാര്‍പ്പിട യൂനിറ്റുകള്‍ക്ക് പലതിനും ഒന്നരക്കോടി രൂപ വരെ വിലയുണ്ടെങ്കിലും വിലയാധാരത്തില്‍ കാണിച്ചിരിക്കുന്നത് പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമാണ്. അഞ്ച് ലക്ഷം കാണിച്ചവയുമുണ്ട്.
വിവരാവകാശ അപേക്ഷ നല്‍കി പലരും ഉടമസ്ഥാവകാശ രേഖകളുടെ പകര്‍പ്പുകള്‍ സംഘടിപ്പിച്ചിട്ടുമുണ്ട്. 25 ലക്ഷം രൂപ ആദ്യഗഡു നഷ്ടപരിഹാരവും തുടര്‍ന്നുള്ള നഷ്ടപരിഹാരവുമൊക്കെ അനുവദിക്കുന്ന സാഹചര്യത്തില്‍ പൊതുപ്രവര്‍ത്തകരില്‍ പലരും ഈ പ്രശ്‌നമുന്നയിച്ച് പൊതുതാല്‍പര്യ ഹരജിയുമായി കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലുമാണ്. എന്തായാലും നഷ്ടപരിഹാര നിര്‍ണയം ജുഡീഷ്യല്‍ കമ്മിറ്റിക്ക് മുന്നില്‍ കീറാമുട്ടിയായി മാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."