ഒരു കോടി മരങ്ങള്‍ വളര്‍ന്നു വലുതാവട്ടെ
ഒരു കോടി വൃക്ഷത്തൈകള്‍ വിതരണംചെയ്തുകൊണ്ടാണ് കേരളസര്‍ക്കാര്‍ ജൂണ്‍ അഞ്ചിന് പരിസ്ഥിതിദിനം കൊണ്ടാടിയത്. സന്നദ്ധസംഘടനാപ്രവര്‍ത്തകരുടെയും തൊഴിലാളികളുടെയും ഉദ്യോഗസ്ഥരുടെയും സ്‌കൂള്‍ കുട്ടികളുടെയുമെല്ലാം കൈകളില്‍ സോഷ്യല്‍ ഫോറസ്ട്രിക്കാര്‍ തൈകള്‍ ഏല്‍പ്പിച്ചുകൊടുത്തു. അവരതു നട്ടുവളര്‍ത്തുമെന്നാണു പ്രതീക്ഷ.
കരിമരുതും ഉങ്ങും കൊന്നയും പീലിവാകയും ഞാവലുമെല്ലാം വളര്‍ന്നു സൃഷ്ടിക്കപ്പെടുന്ന ഹരിതസമൃദ്ധി മനസ്സില്‍ കണ്ടുകൊണ്ടുള്ള ചാരിതാര്‍ഥ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തു കാണാനും കഴിഞ്ഞു. ഈ ഊര്‍ജപ്രസരണവും അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനവും നല്ലതുതന്നെ. പക്ഷേ, വിചാരിച്ചപോലെയാകുമോ കാര്യങ്ങള്‍. നടാനേല്‍പ്പിച്ച എത്രയെണ്ണം നട്ടിട്ടുണ്ടാവും. നട്ടവ എത്രയെണ്ണം ഉണങ്ങിപ്പോവും. എത്രയെണ്ണം അവശേഷിക്കും. മലപോലെ വന്ന പദ്ധതി മഞ്ഞുപോലാവുമോ. സംശയം തികച്ചും സ്വാഭാവികം.
മരിച്ചുകൊണ്ടിരിക്കുന്ന ഭൂമിയെ പച്ചപിടിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം തുടങ്ങിയിട്ടു പതിറ്റാണ്ടുകളായി. മരങ്ങള്‍ വെട്ടിമാറ്റി കാടുവെളുപ്പിക്കുന്നതുകൊണ്ടാണു മഴ കുറയുന്നതെന്ന അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ പ്രകൃതിസ്‌നേഹികളും പരിസ്ഥിതിപ്രവര്‍ത്തകരും കഠിനാധ്വാനം ചെയ്തതിന്റെ ഫലമായാണു സാമൂഹ്യവനവല്‍ക്കരണമെന്ന പദ്ധതി ഊര്‍ജിതമായത്.
അറബിക്കടലില്‍ മഴപെയ്യുന്നതു കാടുണ്ടായിട്ടാണോയെന്നും മറ്റുമുള്ള മറുചോദ്യങ്ങളുണ്ടായെന്നതു വേറേ കാര്യം. വനവല്‍ക്കരണം നടക്കുമ്പോള്‍തന്നെ വ്യാപകമായി കാടുകൈയേറ്റം നടന്നുവെന്നതു മറ്റൊരു സംഗതി. എങ്കിലും മരം വരമാണെന്ന ബോധ്യം സാമാന്യജനങ്ങള്‍ക്കിടയിലുണ്ടാവാന്‍ സാമൂഹ്യവനവല്‍ക്കരണം വളരെയധികം സഹായകമായിട്ടുണ്ട്. ഗഡ്വാളില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ തുടങ്ങിയ ചിപ്‌കോ പ്രസ്ഥാനംപോലുള്ള വൃക്ഷസംരക്ഷണപ്രവര്‍ത്തനങ്ങളും മറ്റും ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പ്രചോദനമായി ഭവിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഇടതുമുന്നണി ഏറ്റെടുത്തു നടത്തിയിട്ടുള്ളത്. കോടികള്‍ മുടക്കി ഒരുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുന്ന അതിഗംഭീര ഹരിതവല്‍ക്കരണ യജ്ഞം.
പുതിയ തൈ പഴയ കുഴിയില്‍
വനംവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള സാമൂഹ്യവനവല്‍ക്കരണം തുടങ്ങിയ കാലം മുതല്‍ ഒരുപാടു വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. വനവല്‍ക്കരണത്തിനുവേണ്ടി വച്ചുപിടിപ്പിച്ച മരങ്ങളുടെ കാര്യത്തിലായിരുന്നു കാര്യമായ എതിരഭിപ്രായം. യൂക്കാലിപ്റ്റസ്, അക്കേഷ്യ തുടങ്ങിയ മരങ്ങളാണ് ആദ്യകാലത്തു സോഷ്യല്‍ ഫോറസ്ട്രിക്കാര്‍ വച്ചുപിടിപ്പിച്ചത്. ഈ മരങ്ങള്‍ പരിസ്ഥിതിസന്തുലനത്തിന് അനുയോജ്യമല്ലെന്നു പരക്കെ വിമര്‍ശിക്കപ്പെട്ടു. ഈ വിദേശിമരങ്ങള്‍ക്കു പകരം പ്രാദേശികമായ മരങ്ങളും ഫലവൃക്ഷങ്ങളുമാണു നട്ടുവളര്‍ത്തേണ്ടതെന്ന അഭിപ്രായം പ്രബലമായി. അതോടൊപ്പം, നഴ്‌സറികള്‍ നിര്‍മിക്കുന്നതിലും തൈകള്‍ വിതരണം ചെയ്യുന്നതിലുമെല്ലാം വ്യാപകമായ അഴിമതിയുണ്ടെന്ന അഭിപ്രായങ്ങളും ഉയര്‍ന്നുവന്നു.
വനവല്‍ക്കരണപദ്ധതികള്‍ നിരന്തരമായ സോഷ്യല്‍ ഓഡിറ്റിങിനു വിധേയമാക്കണമെന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. വിതരണം ചെയ്യുന്ന തൈകള്‍ നനയ്ക്കാനോ പരിപാലിക്കാനോ സംവിധാനമില്ലാത്തതിനാല്‍ സ്വാഭാവികമായും ചെടികള്‍ നശിച്ചുപോവുകയാണു പതിവ്. അടുത്ത ജൂണില്‍ വീണ്ടും പരിസ്ഥിതിദിനാചരണവും തൈവിതരണവുമെല്ലാം വേണമല്ലോ. അതിനായി നേരത്തേതന്നെ നഴ്‌സറികളില്‍ തൈകള്‍ ഉണ്ടാക്കുകയായി. കോടിക്കണക്കിനു രൂപയാണ് ഇതിനു ചെലവ്. ഈ തൈകള്‍ പഴയ കുഴികളില്‍ തന്നെയാണു മിക്കവാറും നടുന്നത്.
അങ്ങനെ പൊതുഖജനാവില്‍നിന്നു വന്‍തോതില്‍ പണം ചെലവഴിച്ചുകൊണ്ടു കൊല്ലന്തോറും നടന്നുവരുന്ന അഭ്യാസമാണു സാമൂഹ്യവനവല്‍ക്കരണമെന്നു പറഞ്ഞാണു പദ്ധതി വിമര്‍ശിക്കപ്പെട്ടത്. ഈ ദുര്‍വ്യയത്തിന് അറുതിവരുത്തണമെന്നു ശക്തമായി ആവശ്യപ്പെടുന്ന പൊതുപ്രവര്‍ത്തകരുണ്ട്. അവര്‍ നിരത്തുന്ന കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ പറയുന്നതില്‍ കാര്യമുണ്ടെന്നാണ് ഏതൊരാള്‍ക്കും തോന്നുക.
ഇത്തരം വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് അതേ മാതൃകയില്‍തന്നെ കൂടുതല്‍ വിപുലമായ തോതില്‍ ഗവണ്‍മെന്റ് വനവല്‍ക്കരണ പദ്ധതി നടപ്പാക്കുന്നത്. വിതരണം ചെയ്യപ്പെടുന്ന തൈകള്‍ നടുന്നുണ്ടോ, നട്ടാല്‍തന്നെ പരിപാലിക്കപ്പെടുന്നുണ്ടോ എന്ന് ഇക്കൊല്ലവും ഉറപ്പില്ല. അതു പരിശോധിക്കാന്‍ സംവിധാനമില്ല. വിതരണം ചെയ്യുന്ന തൈ വളരാത്തതിനു പ്രധാനകാരണം പ്രായക്കുറവാണ്. ഒരുകൊല്ലത്തില്‍ താഴെ വളര്‍ച്ചയുള്ള തൈകളാണ് എല്ലാ കൊല്ലവും വിതരണംചെയ്യുന്നത്. തൈകള്‍ കുഴപ്പമില്ലാതെ വളരുമെന്ന് ഉറപ്പുവരുത്തണമെങ്കില്‍ ചുരുങ്ങിയതു രണ്ടുകൊല്ലത്തെ പ്രായം വേണം.
അത്തരം നിഷ്‌കര്‍ഷത പാലിക്കാത്തതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും മറ്റും ആഘോഷത്തോടെ നടുന്ന മരങ്ങള്‍ നശിച്ചുപോവുകയാണെന്നു പരിസ്ഥിതിപ്രവര്‍ത്തകരുടെ പരാതി. ഒരുകോടി തൈകള്‍ വിതരണം ചെയ്യുന്നതും മറ്റും അതുണ്ടാക്കുന്ന പബ്ലിസിറ്റിയില്‍നിന്നുളവാകുന്ന പൊതുബോധം എന്ന സാധ്യതയ്ക്കപ്പുറത്തേയ്ക്കു സഞ്ചരിക്കുന്നില്ല. ആവശ്യക്കാര്‍ക്കും താല്‍പര്യക്കാര്‍ക്കുമല്ല ജൂണ്‍ അഞ്ചിനു തൈകള്‍ കിട്ടുന്നത്. തൈകള്‍ നട്ടുവളര്‍ത്തുമെന്ന് ഉറപ്പുള്ള ചെറിയ ഗ്രൂപ്പുകളെ കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യുകയാണു വേണ്ടത്. അത്തരം ശ്രമങ്ങള്‍ ഉണ്ടാവുന്നില്ല.
എന്നു മാത്രമല്ല, പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ തല്‍പ്പരരായ ചെറുഗ്രൂപ്പുകള്‍ക്കു താങ്ങാന്‍ കഴിയാത്ത വിധത്തില്‍ തൈയൊന്നിനു പതിനേഴര രൂപ നിശ്ചയിച്ചിരിക്കുകയാണ്. തന്മൂലം എട്ടും പൊട്ടും തിരിയാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കൈകളില്‍ വച്ചുകൊടുക്കുന്ന ഇളംതൈകള്‍ വേണ്ടരീതിയില്‍ നടുകയും വളരുകയും ചെയ്യാതെ പോകുമെന്ന പരാതി പല പരിസ്ഥിതിപ്രവര്‍ത്തകര്‍ക്കുമുണ്ട്. തൈവിതരണ മാമാങ്കമല്ല വേണ്ടതെന്ന് അവര്‍ പറയുന്നു. ശരിയായ അവബോധത്തോടുകൂടി പ്രവര്‍ത്തിക്കുന്നവരുടെ കൈകളില്‍ എത്തിക്കുന്ന തരത്തില്‍ കൃത്യമായ ആസൂത്രണത്തോടെ പദ്ധതി നടപ്പാക്കണം. മഹാമാമാങ്കങ്ങള്‍ വനവല്‍ക്കരണത്തിന് അനുകൂലമായ സാമൂഹ്യകാലാവസ്ഥ സൃഷ്ടിക്കാന്‍ ഉതകുകയേയുള്ളൂ. അതും ഇത്തരം യത്‌നങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമാണെന്നു മറന്നുകൂടാ.
അവരെ അവഗണിച്ചു
പ്രചാരണമൂല്യത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കുന്നതു കൊണ്ടായിരിക്കാം ഇത്തവണ കൊട്ടും ഘോഷവുമായാണു പരിസ്ഥിതിദിനം ആചരിച്ചത്. സിനിമാതാരങ്ങളെയും എഴുത്തുകാരെയും മറ്റും ഉള്‍ക്കൊള്ളിച്ചുകൊണ്ടു വന്‍പരസ്യങ്ങള്‍ നല്‍കിയിരുന്നു. അതു ഗുണം ചെയ്‌തേക്കാം. എന്നാല്‍, മരുന്നിനുപോലും ഒരു സാധാരണ പരിസ്ഥിതിപ്രവര്‍ത്തകനെ പരസ്യങ്ങളില്‍ ഉള്‍പ്പെടുത്തിയില്ല. നമ്മുടെ നാട്ടില്‍ മരങ്ങള്‍ക്കുവേണ്ടി ജീവിക്കുന്ന നിരവധി പേരുണ്ട്. വഴിനീളേ മരങ്ങള്‍ നടുകയും അതില്‍ ജീവിതസായൂജ്യം കണ്ടെത്തുകയും ചെയ്യുന്നവരുണ്ട്. സ്വന്തമായി കാടുകള്‍ വച്ചുപിടിപ്പിച്ചു പരിപാലിക്കുന്നവരുണ്ട്. കാവുകളും കുളങ്ങളും സംരക്ഷിക്കുന്നവരുണ്ട്. അനധികൃത മണലൂറ്റിനും കരിങ്കല്‍ ഖനനത്തിനുമെതിരായി ജാഗ്രത്തായ കണ്ണുകളോടെ കാവലിരിക്കുന്നവരുണ്ട്.
ഇവരില്‍ പലരും സാധാരണക്കാരാണ്. ഏതോ ഉള്‍വിളിയാല്‍ പ്രകൃതിസംരക്ഷണം ജീവിതദൗത്യമാക്കിയവര്‍. അവരിലൊരാളെയെങ്കിലും ഇത്തരം പരസ്യങ്ങളില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നു. അതിനുപകരം താരമൂല്യത്തിനായിരുന്നു ഊന്നല്‍. ഈ മനോഭാവം സൂചിപ്പിക്കുന്നതു മരങ്ങള്‍ വളര്‍ന്നു കാടാവുന്നതിലേറെ തൈവിതരണത്തില്‍ അടങ്ങിയിരിക്കുന്ന പ്രചാരണാംശത്തിലാണു സര്‍ക്കാരിനു കണ്ണ് എന്നാണ്. പൊതുജനദൃഷ്ടിയില്‍ പിണറായി വിജയന്‍ ഗവണ്‍മെന്റിന് എ പ്ലസ് യോഗ്യത കിട്ടണമെങ്കില്‍ ഇത്തരം ചില പൊലിപ്പിക്കലുകളൊക്കെ വേണമല്ലോ. താരമൂല്യമുള്ളവരുടെ പിന്തുണയോടെ ഒരുകോടി വൃക്ഷത്തൈകള്‍ വിതരണംചെയ്തു കൊണ്ടാടുമ്പോള്‍ ഈ പൊലിപ്പിക്കലാണ് കൂടുതലും അനുഭവവേദ്യമാകുന്നത്.
അതിന്റെ പ്രകടലക്ഷണമാണോ സഹകരണവകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനാഘോഷത്തോടനുബന്ധിച്ചു നടത്തുന്ന വൃക്ഷത്തൈ വിതരണം. പേര് ഹരിതം സഹകരണം. കോഴിക്കോട്ടായിരുന്നു ഔപചാരിക ഉദ്ഘാടനം. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനുമൊക്കെ ഉദ്ഘാടനത്തിനു കൃത്യമായി ഹാജരായി. സ്വതവേ തന്നെ നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത കോഴിക്കോട് കോ-ഓപറേറ്റിവ് ഹോസ്പിറ്റല്‍ പരിസരത്ത് ജില്ലയിലെ സകല സഹകരണസ്ഥാപനങ്ങളില്‍നിന്നും പ്രധാനഭാരവാഹികളും ജീവനക്കാരും എത്തിച്ചേര്‍ന്നു.
ചടങ്ങില്‍ തൈവിതരണമൊന്നുമില്ലായിരുന്നു. വനശ്രീയില്‍ പോയി സഹകരണ സൊസൈറ്റിക്കാരും ബാങ്കുകളുമൊക്കെ പിന്നീടൊരു ദിവസം തൈ വാങ്ങി ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യണമെന്നാണു നിര്‍ദേശം. സഹകരണ സ്ഥാപനങ്ങള്‍ക്കു മെനക്കേടു കൂടിയെന്നല്ലാതെ ഇതുകൊണ്ടൊക്കെ പരിസ്ഥിതിസംരക്ഷണ പ്രക്രിയയില്‍ വല്ല ഗുണവുമുണ്ടാകുമോ എന്നാലോചിക്കേണ്ടതാണ്.
ഇതേരീതിയിലുള്ള പോപ്പുലിസ്റ്റ് പരിപാടി മുന്‍പൊരിക്കല്‍ ഒരു ഇടതുപക്ഷ മന്ത്രി മുന്‍കൈയെടുത്ത് നടത്തിയിരുന്നു. ജി. സുധാകരനായിരുന്നു പ്രസ്തുത സഹകരണമന്ത്രി. സംസ്ഥാനത്തുള്ള എല്ലാ സഹകരണ സൊസൈറ്റികളും മറ്റും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് അയ്യായിരമോ പതിനായിരമോ രൂപയുടെ പുസ്തകങ്ങള്‍ വാങ്ങി നാട്ടുകാര്‍ക്കു വായിക്കാന്‍ കൊടുക്കണമെന്നായിരുന്നു ഉത്തരവ്. എല്ലാ സഹകരണ സ്ഥാപനങ്ങളും പുസ്തകങ്ങള്‍ വാങ്ങി. ഈ പുസ്തകങ്ങള്‍ സംഘം ആപ്പീസുകളില്‍ പൊടിപൊടിച്ചു കിടക്കുകയാണ്.
ആയിരക്കണക്കിനു വായനശാലകള്‍ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ സഹകരണസ്ഥാപനങ്ങള്‍ക്കു ഈ രംഗത്ത് ഒന്നും ചെയ്യാനില്ല. പക്ഷേ, ആ പോപ്പുലിസ്റ്റ് നടപടിയോടു യോജിക്കുക മാത്രമേ സഹകരണസംഘങ്ങള്‍ക്കു വഴിയുണ്ടായിരുന്നുള്ളൂ. എസ്.പി.സി.എസിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിനു സഹായകമായിത്തീര്‍ന്നു എന്നതിലപ്പുറം സമൂഹത്തില്‍ വായനാശീലം വളര്‍ത്തുന്നതില്‍ ഒരിഞ്ചുപോലും മുന്നോട്ടുപോകാന്‍ സഹകരണ സംഘങ്ങള്‍ക്കു സാധിച്ചില്ല. പക്ഷേ, നല്ല പബ്ലിസിറ്റി കിട്ടി. ഈ പബ്ലിസിറ്റി മാത്രമേ ഹരിതം സഹകരണമെന്ന പദ്ധതി കൊണ്ടും ലഭിക്കുകയുള്ളൂ. സഹകരണമന്ത്രിക്ക് അതു മതിയായിരിക്കും.
ഇതൊക്കെ ദോഷചിന്തകളാണ്. ഇത്തരം ദോഷചിന്തകളുടെ മുള്ളുകള്‍ സംസ്ഥാനസര്‍ക്കാര്‍ വിതരണം ചെയ്ത ഒരുകോടി തൈകളില്‍ ഒറ്റയെണ്ണത്തെയും ഞെരുക്കിക്കളയുകയില്ല എന്നുതന്നെ നാം പ്രത്യാശിക്കുക. മുള്ളുകളെ മറികടന്നു കാറ്റിനെയും മഴയെയും വെയിലിനെയും വരള്‍ച്ചയെയും ഭേദിച്ച് അവ വളര്‍ന്നു വലുതാവട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."