HOME
DETAILS
MAL
ബി.ജെ.പിയുടെ അന്ത്യാഭിലാഷം നടക്കില്ല: പി.കെ കുഞ്ഞാലിക്കുട്ടി
backup
October 01 2019 | 19:10 PM
കാസര്‍കോട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.ജെ.പിയുടെ അന്ത്യാഭിലാഷം നടക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
മണ്ഡലത്തില്‍ യു.ഡി.എഫിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. കഴിഞ്ഞ കുറെ കാലങ്ങളായി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് യു.ഡി.എഫിന് പിന്നാലെയുള്ളത്. പാലാ മണ്ഡലത്തില്‍ യു.ഡിഎഫിനകത്തുണ്ടായ ആശയക്കുഴപ്പം മഞ്ചേശ്വരത്തില്ല. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്ന പ്രചാരണം മാധ്യമസൃഷ്ടിയാണ്. അതിനാലാണ് അത്തരം വാര്‍ത്തക്ക് ഒരു മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാതിരുന്നത്. യു.ഡി.എഫ് ഒറ്റക്കെട്ടായി എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കും. രാജ്യത്തെ സേവിച്ച ധീരജവാന് പോലും ഒരു സുപ്രഭാതത്തില്‍ രാജ്യത്തെ പൗരനല്ലാതാകുന്ന സാഹചര്യമാണ് കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ നേതൃത്വം ഉണ്ടാക്കുന്നത്. അസമില്‍ ബഹുഭൂരിപക്ഷം ആളുകളും പൗരത്വ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. യു.ഡി.എഫും എല്‍.ഡി.എഫും മണ്ഡലത്തില്‍ രഹസ്യധാരണയോടെ പ്രവര്‍ത്തിക്കുന്നുവെന്ന ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ ആരോപണം പാടെ നിരാകരിക്കുന്നു. ദേശീയരാഷ്ട്രീയത്തില്‍ എന്‍.ഡി.എക്കെതിരേ എല്ലാവരും ഒറ്റക്കെട്ടായി പൊരുതുന്നത് മുന്‍ ധാരണയുടെ ഭാഗമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇത്തരം ധാരണകള്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.സി ഖമറുദ്ദീന്, എ.ജി.സി ബഷീര്‍, എ. അബ്ദുല്‍ റഹിമാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."