പാലാരിവട്ടം പാലം ടെന്‍ഡര്‍ രേഖകളില്‍ തിരിമറി
കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിനുള്ള കരാര്‍ സുമിത് ഗോയലിന്റെ ആര്‍.ഡി.എസ് കമ്പനിക്ക് ലഭ്യമാക്കാന്‍ ടെന്‍ഡര്‍ രേഖകള്‍ അട്ടിമറിച്ചെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ടി.ഒ സൂരജ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് വിജിലന്‍സ് രേഖകള്‍ സഹിതം അട്ടിമറി നടന്നതായി കോടതിയെ അറിയിച്ചത്.
ടെന്‍ഡര്‍ രജിസ്റ്ററും ടെന്‍ഡര്‍ രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും രജിസ്റ്ററില്‍ നിന്ന് വ്യത്യസ്തമായി ടെന്‍ഡര്‍ രേഖകളില്‍ പിന്നീട് തുക എഴുതിച്ചേര്‍ത്തതായും കണ്ടെത്തിയതായി വിജിലന്‍സ് കോടതിയെ അറിയിച്ചു. കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കാനാണ് രേഖകളില്‍ കൃത്രിമം നടത്തിയതെന്നും വിജിലന്‍സ് വ്യക്തമാക്കി.
ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ക്വാട്ട് ചെയ്തത് 42 കോടിയായിരുന്നു. പാലത്തിനും അനുബന്ധ സൗകര്യ നിര്‍മാണങ്ങള്‍ക്കുമായി ആര്‍.ഡി.എസ് കമ്പനി ക്വാട്ട് ചെയ്തത് 47 .68 കോടിയായിരുന്നു. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കാന്‍ 13.4 ശതമാനം തുക കുറച്ച് കരാര്‍ ഏറ്റെടുക്കാമെന്ന് ആര്‍.ഡി.എസി ന് വേണ്ടി ടെന്‍ഡറില്‍ രേഖപ്പെടുത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. 13. 4 ശതമാനം തുക കുറയ്ക്കാമെന്ന വാഗ്ദാനം ടെന്‍ഡറില്‍ വന്നതോടെ ആര്‍.ഡി.എസിന്റെ കരാര്‍ തുക 41.28 കോടിയായി കുറഞ്ഞതായും വിജിലന്‍സ് വ്യക്തമാക്കി.
ടെന്‍ഡര്‍ രജിസ്റ്ററില്‍ നിന്നു വ്യത്യസ്തമായി ടെന്‍ഡറില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തുമ്പോള്‍ അവ നടത്തുന്ന ഉദ്യോഗസ്ഥന്‍ ഒപ്പിടണമെന്നും എന്നാല്‍ ടെന്‍ഡര്‍ രേഖയില്‍ ഉദ്യോഗസ്ഥന്റെ ഒപ്പില്ലെന്നും വിജിലന്‍സ് കണ്ടെത്തി. ജാമ്യ ഹരജിയില്‍ തുടര്‍വാദം വ്യാഴാഴ്ച നടക്കും.
പാലാരിവട്ടം അഴിമതിയില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരേ കൂടുതല്‍ തെളിവുകളുള്ളതായി വിജിലന്‍സ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പാലം നിര്‍മാണ സമയത്ത് മൂന്ന് കോടിയോളം വരുന്ന സ്വത്ത് വാങ്ങിയെന്നും ഇതില്‍ രണ്ട് കോടിയും കള്ളപ്പണമാണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."