ഡിവൈ.എസ്.പിമാര്‍ക്കെതിരേ ഫേസ്ബുക്ക് ഭീഷണി: കെ. സുരേന്ദ്രനെതിരേ കേസ്
കണ്ണൂര്‍: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസല്‍ വധക്കേസില്‍ തുടരന്വേഷണുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേ ഫേസ്ബുക്കിലൂടെ ഭീഷണിമുഴക്കിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരേ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.
ഫസല്‍ വധക്കേസില്‍ ആര്‍.എസ്.എസിനു പങ്കുണ്ടെന്നു ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയ മാഹി ചെമ്പ്രയിലെ കുപ്പിസുബീഷിനെ കസ്റ്റഡിയില്‍വച്ചു ക്രൂരമര്‍ദനത്തിനിരയാക്കി മൊഴി മാറ്റിപറയിച്ചത് ചിത്രീകരിച്ച സി.ഡി പുറത്തുവിട്ടുവെന്നാരോപിച്ചാണ് കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന്‍, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരേ സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും പ്രസംഗത്തിലൂടെയും ഭീഷണിമുഴക്കിയത്. ഡിവൈ.എസ്.പി സദാനന്ദനാണ് പരാതിക്കാരന്‍. കഴിഞ്ഞ 10ന് ആണ് സുരേന്ദ്രന്‍ ഡിവൈ.എസ്.പിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്.
സി.പി.എമ്മുകാരായ ഈ രണ്ടു പൊലിസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരു കേസിലെ പ്രതികളെ രക്ഷിക്കാനാണ് ഈ സി.ഡി നാടകമുണ്ടാക്കിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത് സര്‍വിസ് ചട്ടങ്ങള്‍ക്കു നിരക്കുന്നതല്ലെന്നും സദാനന്ദനും പ്രിന്‍സും പാര്‍ട്ടിക്കാരാണെങ്കില്‍ രാജിവച്ചു ആപണിക്ക് പോകണമെന്നും പോസ്റ്റില്‍ പരാമര്‍ശിച്ചിരുന്നു. സുരേന്ദ്രന്റെ ഭീഷണി കേരള പൊലിസ് ആക്ടിലെ 120,117 വകുപ്പുകള്‍ പ്രകാരംകുറ്റകരമാണെന്നു സദാനന്ദന്റെ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."