കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
കോഴിക്കോട്: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍.ഡി.എഫ് സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. വൈകിട്ട് നാലിന് ആരംഭിച്ച റാലിയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രവര്‍ത്തകര്‍ കൂട്ടത്തോടെയെത്തിയത് നഗരത്തെ സ്തംഭിപ്പിച്ചു. മുതലക്കുളത്തു നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ചത് സദസ് നിറഞ്ഞ കൈയടിയോടെയാണു സ്വീകരിച്ചത്.
ബി.ജെ.പിക്ക് ശബരിമല വിഷയത്തില്‍ പ്രത്യേക അജന്‍ഡയാണെന്നും കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. അതേസമയം ശബരിമല വിഷയത്തില്‍ ബി.ജെ.പിക്ക് കൊടിയെടുക്കാതെ താങ്ങിനിര്‍ത്തുന്നവരാണ് കോണ്‍ഗ്രസെന്നും പിണറായി പരിഹസിച്ചു. രാഹുല്‍ ഗാന്ധിയുടെ അഭിപ്രായം വ്യക്തിപരമാണെന്നു പറഞ്ഞവരുടെ തൊലിക്കട്ടി അപാരമാണ്. ശ്രീധരന്‍പിള്ള പറഞ്ഞത് ശബരിമല സമരം കഴിയുമ്പോള്‍ ബി.ജെ.പിയും ഭരണകൂടവും മാത്രമേ ഉണ്ടാവൂ എന്നാണ്. കോണ്‍ഗ്രസ് ഉണ്ടാവില്ലെന്നാണു സാരം. അതു കേട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഒരക്ഷരം മിണ്ടിയില്ല.
പ്രളയം വന്നപ്പോള്‍ നല്ല മാതൃകയാണ് നമ്മള്‍ കാണിച്ചത്. നല്ല മതനിരപേക്ഷ നിലപാടായിരുന്നു കേരളത്തിന്. ജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്നുകൊടുത്താണ് കേരളീയര്‍ മതനിരപേക്ഷ മനസ് ലോകത്തിനു കാണിച്ചുകൊടുത്തത്. ഈ മനസ് തകര്‍ക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായി. മന്ത്രിമാരായ ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, മാത്യു ടി. തോമസ്, ബിനോയ് വിശ്വം എം.പി, എം.പി വീരേന്ദ്രകുമാര്‍, എം.എല്‍.എമാരായ എ. പ്രദീപ്കുമാര്‍, വി.കെ.സി മമ്മദ് കോയ, സി.കെ നാണു, ഇ.കെ വിജയന്‍, പുരുഷന്‍ കടലുണ്ടി, കെ. ദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, ടി.വി ബാലന്‍, സത്യന്‍ മൊകേരി, മനയത്ത് ചന്ദ്രന്‍, ടി.പി ദാസന്‍, മുക്കം മുഹമ്മദ്, പി. ഹമീദ്, പി.ടി ആസാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."