ഇക്കുറി കാലവര്‍ഷം ചതിച്ചില്ല; മഴ തുടരും
തൊടുപുഴ: സംസ്ഥാനത്ത് ഇക്കുറി ലഭിച്ച കാലവര്‍ഷം 2018ലേക്കാള്‍ അധികം. സെപ്റ്റംബര്‍ 30 വരെ 14 ശതമാനം അധികമഴയാണ് (233.6 സെ.മീ) സംസ്ഥാനത്ത് ലഭിച്ചതെന്ന് കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്ര (ഐ.എം.ഡി) ത്തിന്റെ കണക്ക് വ്യക്തമാക്കുന്നു.
ജൂണ്‍ ഒന്നുമുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് സാങ്കേതികമായി തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണെങ്കിലും ഇക്കുറി ഇടവേളയില്ലാതെ മഴ തുടരും. ഈ മാസം 18 ഓടെ തുലാമഴ എത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കുറി തുലാമഴയും കനക്കുമെന്നാണ് വിലയിരുത്തല്‍.
വൈകിയെത്തിയ കാലവര്‍ഷം ജൂലൈ അവസാനത്തോടെ കനക്കുകയായിരുന്നു. ഓഗസ്റ്റിലെപ്പോലെ സെപ്റ്റംബറിലും സംസ്ഥാനത്ത് അധിക മഴ ലഭിച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ 30 വരെ 898.2 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള നീരൊഴുക്കാണ് വൈദ്യുതി ബോര്‍ഡ് അണക്കെട്ടുകളില്‍ പ്രതീക്ഷിച്ചിരുന്നതെങ്കിലും ലഭിച്ചത് 1236.638 ദശലക്ഷം യൂനിറ്റിനുള്ള വെള്ളമാണ്. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും തുടര്‍ച്ചയായി ന്യൂനമര്‍ദങ്ങളുണ്ടായതിനാലാണ് ഇക്കുറി അധികമഴ ലഭിച്ചത്.
പാലക്കാട് 39 ശതമാനം മഴ കൂടുതല്‍ ലഭിച്ചപ്പോള്‍ ഇടുക്കിയില്‍ 11 ശതമാനവും വയനാട് ആറ് ശതമാനവും മഴ കുറഞ്ഞു. കോഴിക്കോട് 34 ശതമാനം മഴ കൂടുതല്‍ ലഭിച്ചു.
എറണാകുളം- 30, തിരുവനന്തപുരം-20, കണ്ണൂര്‍-19, മലപ്പുറം-18, കാസര്‍കോട്-15, കോട്ടയം-14, കൊല്ലം-11, തൃശൂര്‍-10, പത്തനംതിട്ട-6, ആലപ്പുഴ-4 ശതമാനം വീതവും മഴ കൂടി. 2018ല്‍ 23 ശതമാനം മഴയാണ് സംസ്ഥാനത്ത് ഇതേ കാലയളവില്‍ കൂടിയത്. അന്ന് കാലവര്‍ഷത്തില്‍ 251.57 സെ.മീ മഴ ലഭിച്ചു. അന്ന് ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ കൂടിയത്. ഇടുക്കിയില്‍ 67, പാലക്കാട് 51 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തി.
അതേസമയം സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലശേഖരം ഏറക്കുറേ ഭദ്രമാണെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. 3013.173 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായി ഉണ്ട്. മൊത്തം സംഭരണശേഷിയുടെ 73 ശതമാനമാണിത്. ഇടുക്കി അണക്കെട്ടിലെ ജലശേഖരം 70 ശതമാനം പിന്നിട്ടതും ദിവസങ്ങളായി പ്രതിദിന വൈദ്യുതി ഉപഭോഗം 70 ദശലക്ഷം യൂനിറ്റില്‍ താഴെ തുടരുന്നതും ഊര്‍ജ മേഖലയ്ക്ക് നേട്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."