ജില്ലയിലെ നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞിഴഞ്ഞ്
പടിഞ്ഞാറത്തറ: പ്രളയത്തിന് ശേഷം തകൃതിയായി ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ റോഡ് പ്രവൃത്തികളും വീട് നിര്‍മ്മാണങ്ങളും മറ്റ് നിര്‍മ്മാണ പ്രവൃത്തികളും നടക്കുമ്പോഴും കരിങ്കല്‍ ഉല്‍പ്പന്നങ്ങളുടെ വില ഉയര്‍ന്ന് തന്നെ.
ജില്ലാ കലക്ടറുടെ നിര്‍ദേശം പോലും വകവെക്കാത്ത രൂപത്തിലാണ് ക്വാറി ഉടമകള്‍ കരിങ്കല്ലിന് വില വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇതോടെ പ്രളയത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ ജില്ലയിലെ കരിങ്കല്‍ ക്വാറികള്‍ തുറക്കുമ്പോള്‍ വാഗ്ദാനം ചെയ്ത വിലക്കുറവ് നടപ്പിലായില്ലെന്ന ആക്ഷേപം ഉയരുകയാണ്. ന്യായമായ വിലക്ക് കരിങ്കല്‍ ഉല്‍പ്പന്നങ്ങള്‍ പൊതു ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ജില്ലാ കലക്ടറുടെ നിര്‍ദേശം ക്വാറി ഉടമകള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഇത് കാറ്റില്‍ പറത്തിയെന്നാണ് ആക്ഷേപമുയരുന്നത്.
നിര്‍മാണ സാമഗ്രികള്‍ ലഭിക്കാത്തതിനാല്‍ ജില്ലയിലെ സര്‍ക്കാരിന്റെയും തദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പ്രധാനമായും ജില്ലയില്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തില്‍ കരിങ്കല്ല് ഉല്‍പ്പന്നങ്ങളുടെ വിലയുടെ വര്‍ധനവ് ഇരുട്ടടിയായി വന്നത്. കൂടാതെ കരിങ്കല്ലുള്‍പ്പടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ ലഭ്യത കുറവ് മൂലം കരാര്‍ ജോലിക്കാര്‍ സമരത്തിന് തയാറെടുക്കുകയാണ്.
ക്വാറികള്‍ തുറക്കാനനുവദിച്ചാല്‍ സര്‍ക്കാര്‍ പ്രവൃത്തികള്‍ക്ക് വിലയില്‍ കുറവ് വരുത്തി ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്നായിരുന്നു ക്വാറിയുടമകള്‍ അറിയിച്ചത്. ആറ് ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയപ്പോള്‍ നേരത്തെയുണ്ടായിരുന്ന വിലയില്‍ വര്‍ധനവ് വരുത്താനാണ് ഉടമകള്‍ ശ്രമിച്ചത്. ടിപ്പര്‍ ഉടമകളുടെ പ്രതിഷേധത്തിനൊടുവിലാണ് വര്‍ധനവ് പിന്‍വലിച്ചത്. ജില്ലാ ഭരണ കൂടം വില ഏകീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതും നടപ്പിലായില്ല. നിലവില്‍ ജില്ലയില്‍ ഇതര ജില്ലകളില്‍ നിന്നുമെത്തിക്കുന്ന കരിങ്കല്‍ ഉല്‍പ്പന്നങ്ങളെക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇവിടെയുള്ള ക്വാറികളില്‍ ഉടമകള്‍ വില ഈടാക്കുന്നത്. അര ഇഞ്ച് മെറ്റലിന് അടിക്ക് 40ഉം 42ഉം രൂപ ജില്ലയിലെ ക്വാറിയുടമകള്‍ ഈടാക്കുമ്പോള്‍ ഇതേ ഉല്‍പ്പന്നത്തിന് മുക്കത്ത് 30 രൂപയോളം മാത്രമാണ് വില. കരിങ്കല്ലിന് നിലവില്‍ 3250 മുതല്‍ 3500രൂപ വരെയാണ് ക്വാറിയുടമകള്‍ ഈടാക്കുന്നത്. റോഡ് പ്രവൃത്തികള്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഒന്നര ഇഞ്ച്, മെറ്റല്‍ എന്നിവ കൊണ്ടുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."