മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ അട്ടിമറിക്കുന്നു; സബ് കലക്ടര്‍ക്ക് സ്ഥാനചലനമുണ്ടാകും
തൊടുപുഴ: മൂന്നാറിലെ സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കല്‍ നടപടികള്‍ അവസാനിക്കുന്നു. ഭൂമി തിരിച്ചുപിടിക്കുന്നതിനെതിരേ മൂന്നാറിലെ സര്‍വകക്ഷി സംഘവും വ്യാപാരി സംഘടനകളും സംയുക്തമായി മുഖ്യമന്ത്രിയെ കണ്ടതോടെയാണ് വിലക്ക് വീഴുന്നത്. മന്ത്രി എം.എം. മണിയുടെ നേതൃത്വത്തില്‍ എസ്.രാജേന്ദ്രന്‍ എം.എല്‍.എ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.മണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ സബ് കലക്ടര്‍ അട്ടിമറിക്കുന്നുവെന്നായിരുന്നു പ്രധാന പരാതി.
മന്ത്രി എം.എം. മണി ഏറെ വികാരാധീനനായാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. തങ്ങളുടെ ആത്മാഭിമാനം നഷ്ടപ്പെടാതിരിക്കണമെങ്കില്‍ എത്രയും വേഗം സബ് കലക്ടറെ മാറ്റണമെന്ന് മണി ആവശ്യപ്പെട്ടു. ഇക്കുറി പ്രശ്‌നം ഏറെ ഗൗരവത്തോടെയാണ് മുഖ്യമന്ത്രി പരിഗണിക്കുന്നത്. സി.പി.ഐ നേതാവും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യനും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. നേരത്തെ സി.പി.ഐ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുകയായിരുന്നു.സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കുന്നതിന് സജീവമായി രംഗത്തിറങ്ങിയ ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ അദീന അബ്ദുള്ളയെ സ്ഥലംമാറ്റിയതും സൂചനയാണ്.
ഇപ്പോഴത്തെ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റ ശേഷമാണ്, വര്‍ഷങ്ങളായി മുടങ്ങി കിടന്ന കൈയേറ്റം ഒഴിപ്പിക്കലിന് വേഗത വന്നത്. എക്കര്‍ കണക്കിന് ഭൂമി തിരിച്ച് പിടിച്ചു. എന്നാല്‍ കോടികള്‍ വില വരുന്ന മുന്നാറിലെ ഭൂമി തിരിച്ച് പിടിക്കാന്‍ നോട്ടീസ് നല്‍കിയതോടെയാണ് രാഷ്ട്രിയ കക്ഷികള്‍ ഒന്നിച്ചത്. മൂന്നാര്‍ -ദേവികുളം റോഡില്‍ സി.പി.ഐ ഓഫിസിനോട് ചേര്‍ന്നുള്ള 22 സെന്റ് ഭൂമി തിരിച്ച് പിടിക്കാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. മുന്‍പ് പൊതുമരാമത്ത് വകുപ്പിന് കുത്തകപാട്ടം നല്‍കിയ ഭൂമി, പിന്നിട് പ്രമുഖ അബ്കാരിക്ക് അവരുടെ ചാരായ സ്റ്റോറിന് വേണ്ടി കുത്തകപാട്ടം നല്‍കി. എന്നാല്‍, ഈ ഭൂമി മൂന്നാറിലെ ഒരു വ്യാപാരി വാങ്ങിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് ഭൂമി തിരിച്ച് പിടിക്കാന്‍ നടപടി തുടങ്ങിയത്. ഇതിനെതിരേയാണ് സര്‍വകക്ഷി നേതാക്കളും വ്യാപാരി സംഘടനകളും ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."