അസോസിയേറ്റ് പ്രൊഫ. തസ്തിക ഇനിയില്ല: സ്ഥാനക്കയറ്റം ലഭിക്കാതെ അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ നിന്ന് അസോസിയേറ്റ്‌പ്രൊഫസര്‍ തസ്തിക ഇല്ലാതാകുന്നു. നിലവില്‍ 600 അസോസിയേറ്റ് പ്രൊഫസര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഏഴു വര്‍ഷത്തിനുള്ളില്‍ ഇവര്‍ വിരമിക്കുന്നതോടെ തസ്തിക പൂര്‍ണമായും ഇല്ലാതാകും.
2010ല്‍ യു.ജി.സി നടപ്പാക്കിയ അക്കാദമിക് പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍(എ.പി.ഐ) സമ്പ്രദായമാണ് തസ്തിക ഇല്ലാതാക്കാന്‍ കാരണം. ഇതുപ്രകാരം അസോസിയേറ്റ് പ്രൊഫസറാകാന്‍ നിരവധി കടമ്പകളാണുള്ളത്. പരിചയസമ്പന്നതയ്ക്ക് പുറമെ ഗവേഷണം , അന്താരാഷ്ട്ര റിസര്‍ച്ച് ജേര്‍ണലുകളില്‍ ഒരു വര്‍ഷം ഒരു പ്രബന്ധമെങ്കിലും പ്രസിദ്ധീകരിച്ചിരിക്കണം, തുടങ്ങിയ മാനദണ്ഡങ്ങളാണ് പ്രതികൂലമായി ബാധിക്കുന്നതെന്ന് കോളജ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പല എയ്ഡഡ് കോളജുകളിലും അസോ.പ്രൊഫസര്‍ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. പരിചയസമ്പന്നതയുണ്ടായിട്ടും അര്‍ഹമായ പരിഗണന ലഭിക്കാത്ത അവസ്ഥയിലാണ് ഇവര്‍.
സെമസ്റ്റര്‍ സിസ്റ്റമായതിനാല്‍ പരീക്ഷകളും അനുബന്ധ ജോലികളും അധ്യാപകര്‍ക്ക് ഏറെയാണ്. ആഴ്ചയില്‍ 16 മണിക്കൂര്‍ പഠിപ്പിക്കുന്നതിന് പുറമെ, ക്ലറിക്കല്‍ ജോലികളും പൂര്‍ത്തീകരിക്കണമെന്നിരിക്കെ എ.പി.എ സമ്പ്രദായം കോളജ് അധ്യാപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അധിക ജോലി ഭാരത്തിനിടയില്‍ യു.ജി.സി മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കുമെന്നാണ് അധ്യാപകരുടെ ചോദ്യം. നേരത്തെ ആറു വര്‍ഷത്തിന് ശേഷം സ്ഥാനക്കയറ്റം ലഭിക്കുമായിരുന്നു. എന്നാല്‍ പുതിയ മാനദണ്ഡങ്ങള്‍ വന്നതോടെ 12 വര്‍ഷമായിട്ടും സ്ഥാനക്കയറ്റം ലഭിക്കാതെ വലയുകയാണ് അധ്യാപകര്‍. ആയിരത്തിലധികം അസി.പ്രൊഫസര്‍മാര്‍ക്കാണ് അര്‍ഹമായ സ്ഥാനക്കയറ്റം ലഭിക്കാനുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിബന്ധനകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തലത്തിലോ യു.ജി.സിയോ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് അസോ.പ്രൊഫസര്‍ തസ്തിക ഇല്ലാതാകുന്ന സ്ഥിതിയിലേക്ക് കേരളം നീങ്ങുന്നത്.
എ.പി.ഐ പ്രകാരം ഓരോ വിഭാഗത്തിനും ഇത്ര സ്‌കോര്‍ കരസ്ഥമാക്കണമെന്നും യു.ജി.സി വ്യക്തമാക്കിയിട്ടുണ്ട്. റിസര്‍ച്ച് പേപ്പര്‍ പബ്ലിക്കേഷന്‍ (മാനദണ്ഡപ്രകാരം 55 ശതമാനം സ്‌കോര്‍ കരസ്ഥമാക്കണം), റിസര്‍ച്ച് ഗൈഡന്‍സിന് പത്ത് ശതമാനം സ്‌കോറും കരസ്ഥമാക്കണം.കൂടാതെ പരിശീലന ക്ലാസിലും കോണ്‍ഫറന്‍സ് സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് (15 ശതമാനം സ്‌കോര്‍ ) ഇത്തരത്തില്‍ മാനദണ്ഡപ്രകാരമുള്ള സ്‌കോര്‍ കരസ്ഥമാക്കിയ അധ്യാപകര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം ലഭിക്കുകയുള്ളൂ.
കേരളത്തിന്റെ വിദ്യാഭ്യാസ രീതിക്ക് അനുയോജ്യമായ പരിഷ്‌കാരങ്ങളല്ല യു.ജിസിയുടേതെന്നാണ് അധ്യാപകരുടെ വാദം. എ.പി.ഐ മാനദണ്ഡം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയതും അധ്യാപകര്‍ക്ക് തിരിച്ചടിയായി. വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ പോലും സമയം ലഭിക്കാത്ത സാഹചര്യത്തില്‍ ഈ മാനദണ്ഡങ്ങളും പാലിക്കണമെന്നത് അപ്രായോഗികമാണെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."