കുമ്മനത്തിന്റെ യാത്ര പ്രോട്ടോകോള്‍ ലംഘനമെന്ന് കടകംപള്ളി
തിരുവനന്തപുരം: കൊച്ചി മെട്രോ നാടമുറിക്കല്‍ ചടങ്ങിലും ഉദ്ഘാടന യാത്രയിലും നേരത്തെ തയാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറിയതിലെ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
നേരത്തെ തയാറാക്കിയ പട്ടികയില്‍ ഇല്ലാത്ത ഒരാള്‍ കടന്നു കയറുന്നത് പ്രോട്ടോകോള്‍ ലംഘനമാണ്. എസ്.പി.ജി അത് പരിശോധിക്കേണ്ടതാണെന്ന് മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടു.
ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കൊച്ചി മെട്രോയിലെ പ്രധാനമന്ത്രിയുടെ യാത്രയില്‍ കയറികൂടിയതിനെ ചൂണ്ടിക്കാട്ടിയാണ് കടകംപള്ളിയുടെ ആവശ്യം.
സുരക്ഷാ കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെയും, മെട്രോമാന്‍ ഇ ശ്രീധരനെയുമടക്കം വേദിയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചിടത്താണ് ഒരു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ഒരാളെ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഇടിച്ചു കയറാന്‍ അനുവദിച്ചത്.
ഔചിത്യമര്യാദ ഇല്ലായ്മ മാത്രമല്ല ഇത്. സുരക്ഷാവീഴ്ചയായി തന്നെ കണക്കാക്കണം. രാഷ്ട്രീയ അഭിപ്രായ വ്യത്യാസമല്ല ഇവിടെ പറയുന്നത്.
ബ്ലൂ ബുക്ക് പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങളും കര്‍ശനമായ പ്രോട്ടോക്കോള്‍ വ്യവസ്ഥകളും പാലിക്കപ്പെടേണ്ടതാണ്.
അത് ലംഘിക്കുന്നവര്‍ രാജ്യത്തെ ഭരണ സംവിധാനത്തെയാണ് അപമാനിക്കുന്നതെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."