വോട്ടു കച്ചവട ആരോപണം: ആര്.എസ്.എസിന്റെ വോട്ട് ഒരിടത്തും വേണ്ടെന്ന് കോടിയേരി
ന്യൂഡല്‍ഹി: വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫിനെ ബി.ജെ.പി സഹായിക്കുകയും തിരിച്ച് കോന്നിയില്‍ എല്‍.ഡി.എഫ് ബി.ജെ.പിയെ സഹായിക്കാനുമാണ് ധാരണയെന്ന കോണ്‍ഗ്രസ് ആരോപണത്തിന് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്. കോന്നിയില്‍ എന്നല്ല, ഒരിടത്തും ആര്.എസ്.എസിന്റെ വോട്ട് എല്‍.ഡി.എഫിന് വേണ്ടെന്നും ആര്.എസ് എസുമായി ഒരു തരത്തിലുമുള്ള ബന്ധവും സ്ഥാപിക്കാന്‍ സി.പി.എം ആഗ്രഹിക്കുന്നില്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
കോന്നിയില്‍ ശബരിമല കര്‍മസമിതി വഴി ബി.ജെ.പിയുമായി വോട്ടു കച്ചവടം നടത്തുന്നതിന്റെ ജാള്യതയിലാണ് എല്‍.ഡി.എഫിനെതിരേ യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിരന്തരം ആര്.എസ്.എസിന്റെ അതേ നിലപാട് സ്വീകരിക്കുന്ന ശശി തരൂരിനെ പുറത്താക്കാന്‍ മുല്ലപ്പള്ളി തയ്യാറാകാത്തത് എന്തു കൊണ്ടാണെന്നും മുല്ലപ്പള്ളി ആദ്യം തരൂരിനെ പുറത്താക്കട്ടെ എന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടാണ് തരൂര്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന് പറയാന്‍ മുല്ലപ്പള്ളി തയ്യാറുണ്ടോ എന്നും കോടിയേരി ചോദിച്ചു.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും ആരോപണം ആവര്‍ത്തിച്ചിരുന്നു. കോടിയേരിയുടെ നിഷേധത്തിനെതിരേയും ചെന്നിത്തല രംഗത്തെത്തി. ഇതെല്ലാം ജനങ്ങള്‍ക്കറിയാമെന്നും അവരത് തിരിച്ചറിയുമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."