മരടില്‍ വീണ്ടും പ്രതിസന്ധി: താമസസൗകര്യം ഒരുക്കാതെ ഒഴിയില്ലെന്ന്: നഗരസഭാ സെക്രട്ടറിക്കെതിരേ പൊട്ടിത്തറിച്ച് ഫ്‌ളാറ്റ് ഉടമകള്‍
കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ ഒഴിയുന്ന കാര്യത്തില്‍ നഗരസഭ നിലപാട് കടുപ്പിച്ചതോടെ നഗരസഭാ സെക്രട്ടറിക്കെതിരേ പൊട്ടിത്തറിച്ച് ഫ്‌ളാറ്റ് ഉടമകള്‍. ഫ്‌ളാറ്റ് ഒഴിയാനുള്ള സമയപരിധി ഒരു കാരണവശാലും നീട്ടിനല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കിയതോടെയാണ് ഫ്‌ളാറ്റിലെത്തിയ നഗരസഭാ സെക്രട്ടറിക്കെതിരേ പൊട്ടിത്തെറിച്ചത്. പുനഃസ്ഥാപിച്ച വൈദ്യുതി, വെള്ളം കണക്ഷനുകള്‍ നാളെ വിച്ഛേദിക്കുമെന്നാണ് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ഇവരോട് അറിയിച്ചിട്ടുള്ളത്.
എന്നാല്‍ പകരം താമസ സൗകര്യം ലഭിക്കാതെ ഒഴിയില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്. ഇതോടെ വീണ്ടും കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്കാണു നീങ്ങുന്നത്. ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി അവസാനിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ഇതുവരെ വാടകക്കാര്‍ മാത്രമാണ് ഫ്‌ളാറ്റുകള്‍ വിട്ടൊഴിഞ്ഞത്. നാലു ഫ്‌ളാറ്റുകളില്‍ ആയി 196 കുടുംബങ്ങള്‍ ഇപ്പോഴും താമസിക്കുന്നുണ്ട്.
ഇവരില്‍ 186 കുടുംബങ്ങള്‍ക്ക് താമസ സൗകര്യം ആവശ്യമാണ് എന്ന് കാണിച്ചു ഇന്നലെ ഉച്ചയ്ക്ക് നഗരസഭയ്ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. ഇതിനിടെയാണ് നഗരസഭ സെക്രട്ടറി തീരുമാനങ്ങളറിയിക്കാനായി ഫ്‌ളാറ്റുകളിലെത്തിയത്. ഇതോടെയാണ് താമസക്കാര്‍ സെക്രട്ടറിക്കുനേരെ തിരിഞ്ഞത്.
ഒഴിയാന്‍ 15 ദിവസത്തെ സമയപരിധി കൂടി അനുവദിക്കുമെന്നാണ് ഇവരുടെ ആവശ്യം. ഇനി സമയപരിധി നീട്ടി നല്‍കാനാവില്ലെന്ന് നഗരസഭ സെക്രട്ടറിയും വ്യക്തമാക്കി. പകരം താമസ സൗകര്യം ഒരുക്കുമെന്ന ജില്ലാ കലക്ടറുടെ ഉറപ്പു വിശ്വസിച്ചാണ് ഫ്‌ളാറ്റുകള്‍ വിട്ടൊഴിയാന്‍ തയ്യാറായതെന്നും ഈ ഉറപ്പ് പാലിക്കാന്‍ കലക്ടര്‍ തയ്യാറാകണമെന്നും ഉടമകള്‍ പറയുന്നു. എന്നാല്‍ പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ടെന്നാണ് കലക്ടറുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."