താരമായത് മെട്രോമാന്‍ തന്നെ...
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനദിനത്തില്‍ താരമായത് മെട്രോമാന്‍ ഇ.ശ്രീധരന്‍. പ്രധാനമന്ത്രിയുടെ മെട്രോയാത്ര പാലാരിവട്ടത്ത് ആരംഭിച്ചതുമുതല്‍ മെട്രോയുടെ ഉദ്ഘാടന ചടങ്ങ് കലൂര്‍ സ്റ്റേഡിയത്തില്‍ അവസാനിക്കുന്നതുവരെ ഇ.ശ്രീധരനെ കരഘോഷംകൊണ്ട് കാണികള്‍ വീര്‍പ്പുമുട്ടിച്ചു.
കലൂര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ ഉദ്ഘാടന വേദിയില്‍ പാലാരിവട്ടത്തെ പ്രധാനമന്ത്രിയുടെ മെട്രോ യാത്രാപരിപാടി ലൈവ് ആയി കാണിക്കുന്നുണ്ടായിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഇ.ശ്രീധരന്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ജനം ആര്‍ത്തുവിളിച്ചു. പിന്നീട് മെട്രോയില്‍ പാലാരിവട്ടം മുതല്‍ പത്തടിപ്പാലംവരെയുള്ള പ്രധാനമന്ത്രിയുടെ യാത്രയ്ക്കിടയിലും ശ്രീധരനെ ഒപ്പംകണ്ടപ്പോഴും വീണ്ടും കൈയ്യടി.
അവതാരക റിനി ഖന്ന വേദിയില്‍ ഇരിക്കുന്നവരുടെ പേര് പറയുന്നതിനിടയില്‍ ശ്രീധരന്റെ പേര് പരാമര്‍ശിച്ചപ്പോഴാകട്ടെ മധുരപ്രതികാരമെന്ന നിലയ്ക്ക് കൈയ്യടിയുടെ ആക്കം കൂടി. ക്ഷണിക്കപ്പെട്ട 3500 പേരാണ് സദസിലുണ്ടായിരുന്നത്. സ്വാഗതം പറഞ്ഞ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജിനാകട്ടെ ആര്‍പ്പുവിളികൊണ്ട് ശ്രീധരന് സ്വാഗതം ആശംസിച്ചതിനുശേഷം അടുത്തയാള്‍ക്ക് സ്വാഗതം ആശംസിക്കാന്‍ അല്‍പനേരം കാത്തുനില്‍ക്കേണ്ടിവന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവുമൊക്കെ തങ്ങളുടെ പ്രസംഗത്തിനിടയില്‍ ശ്രീധരനെ പുകഴ്ത്തിയപ്പോഴും ഈ കൈയ്യടി തുടര്‍ന്നുകൊണ്ടേയിരുന്നു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീധരന്റെ പേര് പ്രസംഗത്തില്‍ പരാമര്‍ശിക്കാതിരുന്നതും പിന്നീട് ചര്‍ച്ചയായി. മോദി തന്റെ പ്രസംഗത്തിലുടനീളം കൊച്ചി മെട്രോയുടെ സവിശേഷതകളും മറ്റും പരാമര്‍ശിച്ചപ്പോള്‍ ഒരു തവണപോലും ശ്രീധരന്റെ പേര് പരാമര്‍ശിക്കാതിരുന്നതാണ് ചര്‍ച്ചയായത്. മെട്രോയുടെ ഉദ്ഘാടനവേദിയില്‍ സുരക്ഷാകാരണങ്ങളുടെ പേരില്‍ ഡി.എം.ആര്‍.സിയുടെ മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന് ആദ്യം ഇടം നല്‍കിയിരുന്നില്ല. പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെതുടര്‍ന്നാണ് അദ്ദേഹത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."