സി.പി.എമ്മിനെ 'വിശ്വാസക്കുരുക്കി'ലാക്കി മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി
#ടി.കെ ജോഷി
കാസര്‍കോട്: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സി.പി.എം കൈകൊണ്ട നിലപാടിന് വിരുദ്ധമായി മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നടത്തിയ പരാമര്‍ശം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയേക്കും.
വിശ്വാസപ്രകാരം പൂര്‍ണ വ്രതാനുഷ്ഠാനത്തോടെ മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നതാണ് തന്റെ നിലപാടെന്നാണ് മഞ്ചേശ്വരം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവുമായ എം. ശങ്കര്‍ റൈ വ്യക്തമാക്കിയത്. താനൊരു വിശ്വാസിയാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി ഇടപെടാറില്ലെന്നും ആദ്ദേഹം വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷയത്തില്‍ സി.പി.എം ഇതുവരെ കൈകൊണ്ട നിലപാടിന് വിരുദ്ധമായി പരസ്യ പ്രസ്താവന നടത്തിയത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ആദ്യമായിട്ടാണ് ഒരു സി.പി.എം നേതാവ് പാര്‍ട്ടി നിലപാടിനെ തള്ളിപ്പറഞ്ഞ് വിശ്വാസത്തിന്റെ വഴിയേ പോകുന്നതും അതാണ് ശരിയെന്ന നിലപാടെടുക്കുന്നതും. വട്ടിയൂര്‍ക്കാവിലും കോന്നിയിലുമെല്ലാം ശബരിമല പ്രധാന ചര്‍ച്ചവിഷയമായി ഉയര്‍ന്നുവരുമ്പോള്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയുടെ നിലപാടിനെ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയിലാണ് സി.പി.എം.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിക്ക് കാരണമെന്ന് വിലയിരുത്തുമ്പോഴും സ്ത്രീകള്‍ക്ക് പ്രായഭേമന്യേ ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രിം കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അടക്കം നല്‍കിയത്.
ആരാധനാലയങ്ങളില്‍ എല്ലാവര്‍ക്കും തുല്യപരിഗണന ലഭിക്കണമെന്നും സ്ത്രീകളോട് വിവേചനങ്ങള്‍ പാടില്ലെന്നും കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തിയിരുന്നു. സ്ത്രീകളെ ശബരിമലയില്‍ എത്തിക്കുന്നതില്‍ സര്‍ക്കാര്‍ നിര്‍ബന്ധ ബുദ്ധിയെടുത്തുവെന്ന ആരോപണം നിലനില്‍ക്കുമ്പോഴും പിന്നീട് ഇതേ വിഷയത്തില്‍ പാര്‍ട്ടി ചില മയപ്പെടുത്തലുകള്‍ വരുത്തിയെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടുപോയിരുന്നില്ല. എന്നാല്‍, വിശ്വാസപ്രകാരം പൂര്‍ണ വ്രതാനുഷ്ഠാനത്തോടെ മാത്രമേ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്ന ശങ്കര്‍ റൈയുടെ നിലപാട് പാര്‍ട്ടിയുടെ പരസ്യ നിലപാടിന് പൂര്‍ണമായും വിരുദ്ധമാണ്.
ക്ഷേത്രത്തില്‍ പൂജ നടത്തിയതിനുശേഷമാണ് ശങ്കര്‍ റൈ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആദ്യമായിട്ടാണ് ഒരു സി.പി.എം സ്ഥാനാര്‍ഥി ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷം പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. സ്ഥാനാര്‍ഥി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കൂടിയാണെന്ന വാദമാണ് സിപി.എം പ്രാദേശിക നേതൃത്വം ഇതിന് ന്യായമായി പറഞ്ഞത്. ശങ്കര്‍ റൈയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 12ന് മഞ്ചേശ്വരത്ത് എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."