ജോര്‍ദാനിലെ മലയാളി റസ്റ്ററന്റ്
വിശുദ്ധ റമദാന്റെ തൊട്ടു മുന്‍പത്തെ വെള്ളിയാഴ്ച ജോര്‍ദാന്‍ സിറ്റിയിലായിരുന്നു ജുമുഅ നിസ്‌കാരത്തിന് പങ്കെടുത്തത്. നോമ്പ് തുറപ്പിക്കുന്നതിന്റെ പ്രതിഫലത്തെക്കുറിച്ചും നാളെ മുതല്‍ പള്ളിയില്‍ നോമ്പ് തുറ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയുമൊക്കെ സവിസ്തരം പ്രതിപാദിച്ച ഇമാമിന്റെ നിസ്‌കാരാനന്തര പ്രഭാഷണം. അത് ഞങ്ങളെയും ഏറെ ആകര്‍ഷിച്ചു.
പള്ളിക്ക് പുറത്ത് വഴിവാണിഭക്കാരുടെ ബഹളമായിരുന്നു.
വത്തക്കയും മാങ്ങയും അടങ്ങിയ ഫ്രൂട്‌സുകളും ചെരുപ്പുകളും ബെല്‍റ്റും തുടങ്ങിയ വസ്തുക്കളും വില്‍ക്കുന്ന കച്ചവടക്കാര്‍ പള്ളിയുടെ നാല് ഭാഗങ്ങളിലും സജീവം. ഞങ്ങളുടെ യാത്രയുടെ കോഡിനേറ്റര്‍ ചെമ്മാട്ടെ യൂസഫ് ഹാജി, ഒരു ദിനാര്‍ കൊടുത്ത് (85 രൂപ) റോബസ്റ്റ് പഴം വാങ്ങി. ഡൗണായ ഷുഗറിനെ അദ്ദേഹം പൂര്‍വസ്ഥിതിയിലാക്കി. അപ്പോഴാണ് സഹയാത്രികന്‍ ജിസാനിലെ കെ.എം.സി.സി നേതാവും വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തംഗവുമായ മുഹമ്മദ് സാഹിബ് ആ ആശയം മുന്നോട്ടുവച്ചത്. വെള്ളിയാഴ്ചയല്ലേ. നമുക്ക് ഫുഡ് പുറത്ത് നിന്നാക്കിയാലോയെന്ന്.
ബീഫോ, മട്ടനോ കിട്ടുമോയെന്ന് നോക്കാം ഞങ്ങള്‍ അതിനെ ഒരേ സ്വരത്തില്‍ പിന്തുണച്ചു. നല്ല യമനി മന്തികിട്ടുന്ന ഹോട്ടലുകള്‍ തൊട്ടടുത്ത് തന്നെയുണ്ടെന്ന് മനസിലാക്കിയിരുന്നതിനാല്‍ കുറച്ചു ദൂരേക്ക് നടന്നു.
സംസാരിച്ച് നടക്കവേയാണ് ഒരു ബോര്‍ഡ് ഞങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. മലബാരിയെന്ന് എഴുതിവച്ച ഒരു റസ്റ്ററന്റ് ബോര്‍ഡായിരുന്നു അത്. മുകളില്‍ ഇന്ത്യന്‍ റസ്റ്ററന്റ് എന്നും. ജോര്‍ദാന്‍ യൂനിവേഴ്‌സിറ്റിയുടെ മുന്‍പിലെ ആ തീന്‍ശാലയിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഞങ്ങള്‍ കയറി. കൗണ്ടറില്‍ ഇരിക്കുന്നയാളെ കണ്ടപ്പോള്‍ തന്നെ സംശയങ്ങളെല്ലാം അവസാനിച്ചു.
ചന്ദ്രനില്‍ പോയപ്പോള്‍ അവിടെയും മലയാളിയുടെ ചായക്കട കണ്ടുവെന്ന് പറഞ്ഞത് തമാശയാണെങ്കിലും അതിനെ അന്വര്‍ഥമാക്കുന്നതാണ് ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഹോട്ടല്‍ മേഖലയിലെ മലയാളി സാന്നിധ്യം. ഒന്നര വര്‍ഷമായി മലപ്പുറം ജില്ലയിലെ വേങ്ങര സ്വദേശി മുള്ളന്‍ വീട്ടില്‍ ഹൈദറും തന്റെ സുഹൃത്തുക്കളും ജോര്‍ദാനില്‍ ഹോട്ടല്‍ നടത്തുന്നു. കോട്ടക്കല്‍ സ്വദേശികളായ അബ്ദുല്‍ ഗഫൂറും ഷഫീഖും ഹൈദറും സക്കീറുമാണ് ഹൈദറിന്റെ പാര്‍ട്ണര്‍മാര്‍. ബാബു ശമാലിയ്യയിലെ ഇവരുടെ ഇന്ത്യന്‍ റസ്റ്ററന്റില്‍ നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വിവിധ രാജ്യക്കാരായ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യൂനിവേഴ്‌സിറ്റിയുടെ തൊട്ടടുത്തായത് കൊണ്ട് തന്നെ പാര്‍സല്‍ വാങ്ങാനെത്തിയ ധാരാളം വിദ്യാര്‍ഥികളെ അവിടെ കണ്ടു. ഞങ്ങള്‍ നാല് മട്ടന്‍ ബിരിയാണികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. രണ്ടെണ്ണം കൊണ്ടുവരാം ആവശ്യമെങ്കില്‍ പിന്നീടെടുക്കാമെന്ന് ഹൈദര്‍ പറഞ്ഞു. മലയാളികള്‍ക്ക് പരസ്പരമുള്ള സ്‌നേഹം ഇതുപോലെ പുറംനാടുകളിലെത്തുമ്പോഴാണ് അറിയാനാവുക.
ആവിപറക്കുന്ന സൂപ്പര്‍ മട്ടന്‍ ബിരിയാണി. യൂസഫ് ഹാജി, വെങ്ങപ്പള്ളി മുഹമ്മദ് സാഹിബ്, ഊരകത്തെ അലി അക്ബര്‍ തങ്ങള്‍ അടക്കമുള്ള ഞങ്ങള്‍ നാല് പേര്‍ രണ്ട് ബിരിയാണി സുഭിക്ഷമായി കഴിച്ചു. ഒരു ബിരിയാണിയുടെ വില അഞ്ച് ദിനാറാണ് (125 രൂപ). രണ്ടെണ്ണം പാര്‍സലായും വാങ്ങിയാണ് ഞങ്ങള്‍ ആ കടയോട് സലാംപറഞ്ഞത്.
പശ്ചിമേഷ്യയിലെ ഒരു വലിയ പ്രദേശത്തെ ഫലഭൂയിഷ്ടമാക്കുന്ന ചരിത്ര പ്രാധാന്യമുള്ള ജോര്‍ദാന്‍ നദിക്ക് കിഴക്കായാണ് ഈ കൊച്ചു അറബ് രാജ്യത്തിന്റെ കിടപ്പ്. പ്രശാന്തവും നയനമനോഹരവുമാണ് ജോര്‍ദാന്‍. പ്രവാചക കുടുംബപരമ്പരയിലെ കണ്ണികള്‍ ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യവും ജോര്‍ദാന്‍ തന്നെ. 'അല്‍ മംലകത്തുല്‍ ഉര്‍ദുനിയ്യത്തുല്‍ ഹാശിമിയ്യ' എന്ന ഈ രാജ്യത്തിന്റെ പേര് വ്യക്തമാക്കുന്നതും ഈ യാഥാര്‍ഥ്യവുമാണ്. ജോര്‍ദാനിനെ കുറിച്ചും ജോര്‍ദാന്‍ നദിയെ കുറിച്ചുമൊക്കെ പലയിടങ്ങളിലായി വിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നുണ്ട്.
നൂറ്റാണ്ടുകളുടെ ചരിത്രങ്ങളുണ്ടെങ്കിലും ആധുനിക ജോര്‍ദാന്‍ രാഷ്ട്രത്തിന് ആറു പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. തെക്കുപടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ജോര്‍ദാന്റെ സ്ഥാനം സിറിയക്ക് തെക്കും ഇറാഖിന് പടിഞ്ഞാറും സഊദി അറേബ്യക്ക് വടക്കുപടിഞ്ഞാറും ഇസ്രാഈലിനും വെസ്റ്റ് ബാങ്കിനും കിഴക്കുമായാണ്. പ്രവാചകന്‍മാരിലെ പ്രഭാഷകന്‍ എന്നറിയപ്പെടുന്ന ശുഐബ് നബി (അ) പ്രബോധനം നടത്തിയ മേഖലയാണിത്. വാദീ ശുഐബും ഹസ്‌റത്ത് ബിലാലുല്‍ മുഅദ്ദിന്റെ മഖാം സ്ഥിതിചെയ്യുന്ന പ്രദേശവുമൊക്കെ കേരളത്തെ പ്രത്യേകിച്ച് വയനാടിനെ ഓര്‍മപ്പെടുത്തുന്നതാണ്.
വശ്യമനോഹാരിതപോലെ ശാന്തസുന്ദരമാണ് ജോര്‍ദാന്‍. തിരക്കേറിയ സിറ്റിയില്‍ വാഹനങ്ങളുടെ അമിത ഹോണ്‍ മുഴക്കങ്ങളോ ശബ്ദ കോലാഹലങ്ങളോ ഇല്ലാത്ത രാജ്യം. രാജവാഴ്ച നടക്കുന്ന ജോര്‍ദാനിന് ആധുനിക മുഖം നല്‍കിയത് 1953 മുതല്‍ 1999 വരെ ഭരണം നടത്തിയ ഹുസൈന്‍ രാജാവാണ്. രാജ്യത്തെ 30 ശതമാനം ജനങ്ങളും ഫലസ്തീന്‍ അഭയാര്‍ഥികളാണ്. മഴ വളരെ കുറഞ്ഞ രാജ്യമാണങ്കിലും കൃഷികള്‍ ധാരാളമുണ്ട്. ലോക മാര്‍ക്കറ്റുകളില്‍ ജോര്‍ദാന്റെ പഴവര്‍ഗങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. 91,880 ചതുരശ്ര കിലോമീറ്ററാണ് രാജ്യത്തിന്റെ ആകെ വിസ്തൃതി. ജനസംഖ്യയുടെ 92 ശതമാനം സുന്നി മുസ്‌ലിംകളാണ്. ആറ് ശതമാനം ക്രിസ്ത്യാനികളും ജീവിക്കുന്നു.
കേവലം മണിക്കൂറുകള്‍ മാത്രം ചുറ്റികറങ്ങിയാല്‍ തീരാവുന്ന കൊച്ചു രാജ്യമായ ജോര്‍ദാനിലെ ജനസംഖ്യ ഏതാണ്ട് 98.82 ലക്ഷമാണ്. വിശുദ്ധ ഖുര്‍ആന്‍ വളരെയധികം പ്രാധാന്യത്തോടെ വിശദീകരിച്ച മുന്നൂറിലധികം വര്‍ഷം ഉറങ്ങിപ്പോയ അസ്ഹാബുല്‍ കഹ്ഫിന്റെ ഗുഹ സ്ഥിതിചെയ്യുന്നതും സ്വവര്‍ഗഭോഗികളായ ലൂത് നബി (അ)യുടെ ജനതയെ പാടെ കീഴ്‌മേല്‍ മറിച്ച് രൂപാന്തരപ്പെട്ട ചാവുകടല്‍ നിലകൊള്ളുന്നതും ജോര്‍ദാനിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."