സംഘ്പരിവാര്‍ ശ്രമം ഗാന്ധിയെ വില്‍പനച്ചരക്കാക്കാന്‍: മുല്ലപ്പള്ളി
കോഴിക്കോട്: ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് വില്‍പനച്ചരക്കാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഗാന്ധിജിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ 'നാനാത്വത്തിലെ ഏകത്വമാണ് ഇന്ത്യ, വിഷം വിതറാത്ത ഇന്ത്യക്കായി' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ഗാന്ധിയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിയെ പ്രകീര്‍ത്തിച്ചുള്ള പ്രഭാഷണവും, എഴുത്തും, ഗാന്ധിജിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും ആത്മാര്‍ഥമായല്ല. ഗാന്ധിയെ ഗോഡ്‌സേ ഭൗതികമായാണ് അന്ന് വധിച്ചത്. എന്നാല്‍ ഇന്ന് സംഘ്പരിവാര്‍ വധിച്ചുകൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് മതേതരത്വവും ബഹുസ്വരതയും മരിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭരണകൂടം ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരുടെ കൂടെയാണ് നിലകൊള്ളുന്നത്. രാജ്യത്തെ തന്നെ വിലയ്ക്കു കൊടുക്കാനാണ് നരേന്ദ്രമോദിയും സംഘ്പരിവാറും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ന്യൂനപക്ഷ-ദലിത്- പിന്നാക്കാവസ്ഥയിലുള്ളവരുടെയും സുരക്ഷിത ബോധം അനുദിനം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഗാന്ധിഘാതകനെ മഹാത്മാവാക്കുന്നതിനാണ് സംഘ്പരിവാര്‍ ശ്രമം നടത്തുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കെ. മുരളീധരന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.കെ രാഘവന്‍ എം.പി, കെ.സി ജോസഫ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, വി.എ നാരായണന്‍, എന്‍. സുബ്രഹ്മണ്യന്‍, പി.എം സുരേഷ്ബാബു, വി.വി പ്രകാശ്, കെ.സി അബു, കെ.എം അഭിജിത്ത്, മുഹമ്മദ്കുഞ്ഞി, എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, വി.എസ് ജോയ്, ആര്യാടന്‍ ഷൗക്കത്ത്, കെ.പി.സി.സി സെക്രട്ടറി അഡ്വ.കെ പ്രവീണ്‍കുമാര്‍, കെ.പി ബാബു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."