നിരപരാധിയെ ആളുമാറി ജയിലിലടച്ച സംഭവം: ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് സംഘം യുവാവിന്റെ മൊഴിയെടുത്തു
മണ്ണാര്‍ക്കാട്: നിരപരാധിയായ ആദിവാസി യുവാവിനെ ആളുമാറി ജയിലിലടച്ച സംഭവത്തില്‍ ജില്ലാ ട്രൈബല്‍ ഡെവലെപ്മെന്റ് ഓഫിസര്‍ മല്ലികയുടെ നേതൃത്വത്തില്‍ ആദിവാസി യുവാവ് ചന്ദ്രന്റെ മൊഴിയെടുതത്തു. ഇന്നലെ രാവിലെ കാഞ്ഞിരത്തു 11.30ഓടെ ആരംഭിച്ച മൊഴിയെടുപ്പ് ഒരു മണിക്കൂറോളം നീണ്ടുനിന്നു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ സുധീപ് കുമാര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാരായ സാലി, രമ്യ, സിന്ധു സംഘത്തിലുണ്ടായിരുന്നു. പ്രാഥമിക മൊഴിയെടുപ്പില്‍ പരാതിയുള്ളതായി ചന്ദ്രന് സംഘത്തോട് പറഞ്ഞില്ല.
അതേസമയം സഹോദരന്റെ അഭിപ്രായം കൂടി മാനിച്ചാവും ഇനിയുള്ള നടപടികളിലേക്ക് കടക്കുകയെന്നും ചന്ദ്രന് സുപ്രഭാതത്തോടു പറഞ്ഞു. പൂര്‍ണമായ മൊഴിയെടുപ്പിനു ശേഷം ജില്ലാ കലക്ടര്‍ക്കും ഡയരക്ടര്‍ക്കും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും, യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി സമീപിക്കുകയാണെങ്കില്‍ വേണ്ട നിയമസഹായം നല്‍കുമെന്നും ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ മല്ലിക അറിയിച്ചു. പൊലിസ് നടപടിയെ കുറിച്ച് ആരാഞ്ഞപ്പോള്‍ സംഭവം തീര്‍ത്തും നിര്‍ഭാഗ്യകരം ആയിപോയെന്നും ഇവര്‍ പറയുന്നു.
യുവാവിന്റെ ബന്ധുക്കള്‍ പരാതിയുമായി മുന്നോട്ടു പോവാന്‍ തയാറെടുക്കുന്നതായാണ് സൂചന. ചന്ദ്രനെ പ്രതി ചേര്‍ക്കാനുണ്ടായ സാഹചര്യം രണ്ട് പേരുടെ നിര്‍ണായക മൊഴിയായിരുന്നു. കാഞ്ഞിരത്ത് താമസിക്കുന്ന ഇവരെ പൊലിസ് സ്റ്റേഷനില്‍ ഇന്നലെ എത്തിച്ചിരുന്നു. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ എല്ലാം ചന്ദ്രന്റെ വാദം ശെരി വെക്കുന്നതായിരുന്നു. രാധാകൃഷ്ണന് അല്ല താനെന്നു പൊലിസിനോട് ആവര്‍ത്തിച്ചിരുന്നതായും ചന്ദ്രന് നേരത്തെ പറഞ്ഞിരുന്നു. സംഭവത്തില്‍ നേരത്തെ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതിനെതിരെ നടപടി സ്വീകരിക്കുക. ഒക്ടോബര്‍ 24നാണ് പത്ത് വര്‍ഷം മുന്‍പ് നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് പാമ്പന്‍തോട് കോളനിയിലെ ആദിവാസി യുവാവ് ചന്ദ്രനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രതി കരുമന്കുന്ന് കോളനിയിലെ രാധാകൃഷ്ണനാണെന്ന് പൊലിസ് തിരിച്ചറിഞ്ഞതോടെ സംഭവം വിവാദമാവുകയായിരുന്നു. ഇതേ തുടര്‍ന്ന് പത്ത് ദിവസത്തോളം പാലക്കാട് ജയിലില്‍ കിടന്ന ചന്ദ്രനെ ശനിയാഴ്ച പൊലിസ് മോചിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."