അല്‍ജസീറയുടെ ട്വിറ്റര്‍ റദ്ദാക്കി, പിന്നീട് പുനഃസ്ഥാപിച്ചു
ദോഹ: അല്‍ജസീറയുടെ പ്രധാന ട്വിറ്റര്‍ അക്കൗണ്ട് ഇന്നലെ രാവിലെ ട്വിറ്റര്‍ സസ്പെന്റ് ചെയ്തു. അല്‍ജസീറയുടെ അറബിക് പതിപ്പിന്റെ ട്വിറ്ററാണ് റദ്ദാക്കിയത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് അക്കൗണ്ട് ട്വിറ്റര്‍ അധികൃതര്‍ വീണ്ടും പുനഃസ്ഥാപിച്ചു. അക്കൗണ്ടിലെ ട്വീറ്റുകളോ ഫോളോവേഴ്സിനെയോ നഷ്ടപ്പെട്ടിട്ടില്ല. സംഘടിതമായ പ്രചാരണമാണ് അക്കൗണ്ട് സസ്പെന്റ് ചെയ്യാന്‍ കാരണമായതെന്ന് കരുതുന്നതായി അല്‍ജസീറ അറബിക് ചാനല്‍ അധികൃതര്‍ പറഞ്ഞു.
ഇന്നലെ രാവിലെ പ്രാദേശിക സമയം 10 മണിയോടെയാണ് @അഖഅൃമയശര എന്ന അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെട്ടത്. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ പഴയ സ്ഥിതിയിലേക്കു തന്നെ മാറുകയായിരുന്നു. അല്‍ജസീറ അക്കൗണ്ടിനെതിരേ മാസ് റിപോര്‍ട്ടിങ് (നിരവധി ആളുകള്‍ ഒരേ സമയം പരാതി നല്‍കുക) നടന്നതായും ഇതേ തുടര്‍ന്നാണ് താല്‍ക്കാലികമായി സസ്പെന്റ് ചെയ്യപ്പെട്ടതെന്നും ട്വിറ്ററുമായി നടത്തിയ ആശയ വിനിമയത്തിന് ശേഷം അല്‍ജസീറ എന്‍ജിനീയര്‍മാര്‍ പറഞ്ഞു.
ട്വിറ്റര്‍ ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സ്പാം, അക്കൗണ്ടിന്റെ സുരക്ഷ അപകടത്തിലാവുക, ട്വിറ്ററിന്റെ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി റിപോര്‍ട്ട് ചെയ്യുക തുടങ്ങിയവയാണ് ഒരു അക്കൗണ്ട് സസ്പെന്റ് ചെയ്യപ്പെടാനുള്ള കാരണങ്ങളായി ട്വിറ്റര്‍ വെബ്സൈറ്റ് പറയുന്നത്.
1.1 കോടി ഫോളോവേഴ്സാണ് അല്‍ജസീറ അറബിക് ചാനല്‍ ട്വിറ്റര്‍ അക്കൗണ്ടിനുള്ളത്. ഖത്തറില്‍ തന്നെ ഏറ്റവുമധികം ഫോളോവേഴ്സുള്ള ട്വിറ്റര്‍ അക്കൗണ്ടാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."