ക്യൂബന്‍ ഉപരോധം: യു.എസ് നയത്തിനെതിരേ വന്‍ പ്രതിഷേധം
വാഷിങ്ടണ്‍: ക്യൂബന്‍ ഉപരോധം പുനഃസ്ഥാപിച്ച യു.എസ് നയത്തിനെതിരേ വ്യാപക പ്രതിഷേധം. മുന്‍ ഒബാമാ സര്‍ക്കാര്‍ ക്യൂബയുമായുണ്ടാക്കിയ കരാറുകളെല്ലാം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അമേരിക്കന്‍ നഗരമായ മിയാമിയില്‍ നടന്ന ചടങ്ങില്‍ റദ്ദാക്കിയിട്ടുണ്ട്.
മാര്‍ക്കോ റുബിയോ, മരിയോ ഡിയാസ് ബലാര്‍ട്ട് തുടങ്ങിയ കടുത്ത ക്യൂബന്‍ വിരുദ്ധ ജനപ്രതിനിധികള്‍ക്കു മുന്‍പാകെ പ്രത്യേക കൂടിക്കാഴ്ചയില്‍ പുതിയ നയങ്ങള്‍ ട്രംപ് ഉടന്‍തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ലിറ്റില്‍ ഹവാന തിയറ്ററിലാണ് പരിപാടി നടക്കുന്നത്. ചടങ്ങിനിടെ പ്രതിഷേധം സംഘടിപ്പിക്കാനാണ് ക്യൂബന്‍-അമേരിക്കന്‍ വംശജരുടെ നീക്കം.
അരനൂറ്റാണ്ടു കാലത്തെ കടുത്ത ഉപരോധം അവസാനിപ്പിച്ച് 2014 ഡിസംബറിലാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുമായി നിരവധി കരാറുകളില്‍ ഒപ്പുവച്ചത്. പുതിയ നയതന്ത്രബന്ധത്തിന്റെ ഭാഗമായി 2015ല്‍ വാഷിങ്ടണ്‍ ഡി.സിയിലും ഹവാനയിലും ക്യൂബന്‍ എംബസികള്‍ തുറക്കുകയും ക്യൂബയില്‍ ഒബാമ ഔദ്യോഗിക സന്ദര്‍ശനം നടത്തുകയും ചെയ്തു.
നീക്കം അന്താരാഷ്ട്ര തലത്തില്‍ വന്‍ പ്രശംസ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍, ക്യൂബയുടെ റൗള്‍ കാസ്‌ട്രോ സര്‍ക്കാരിനെതിരേ ശക്തമായ ഉപരോധം നടപ്പാക്കണമെന്ന നിലപാടുകാരായ റിപബ്ലിക്കന്‍ വിഭാഗത്തെ ഒബാമയുടെ നീക്കം ചൊടിപ്പിച്ചിരുന്നു.
അതേസമയം, ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായി ക്യൂബന്‍ എംബസികള്‍ അടച്ചിടില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഒബാമാ സര്‍ക്കാരിന്റെ ക്യൂബന്‍ സഹകരണ കരാര്‍ പൂര്‍ണമായി റദ്ദാക്കുന്നതിനു പകരം ഭാഗികമായി നിര്‍ത്തിവയ്ക്കാനാകും ട്രംപ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."