പുണ്യരാവുകള്‍ കാത്ത് ഹറമില്‍ തീര്‍ഥാടക പ്രവാഹം ഇഅ്തികാഫിനായി തമ്പടിച്ചത് ജനലക്ഷങ്ങള്‍
ജിദ്ദ: റമദാന്‍ വ്രതം കഴിയാന്‍ ദിവസങ്ങള്‍ ശേഷിക്കെ രാവുകളിലെ പ്രത്യേക പ്രാര്‍ഥനയ്ക്കും ഇഅ്തികാഫിനും (ഭജനയിരിക്കല്‍) മക്കയിലും മദീനയിലും എത്തുന്ന തീര്‍ഥാടകര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ പ്രാര്‍ഥന നടത്താനുള്ള പദ്ധതികളാണ് സിവില്‍ ഡിഫന്‍സ് വിഭാഗം ആവിഷ്‌കരിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ അംറുയാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ വ്യക്തമാക്കിയത്.
നിരവധി ഒാഫിസര്‍മാരെ തവാഫ് ഏരിയയില്‍ നിയന്ത്രിക്കുന്നതിനായി നിയമിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളില്‍ മക്കയിലും മദീനയിലും സിവില്‍ ഡിഫന്‍സ് സുസജ്ജമാണ്. ഏത് അടിയന്തരഘട്ടവും നേരിടാനാവശ്യമായ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഹറം പള്ളിക്കകത്തും പുറത്തും തീര്‍ഥാടകരെ സഹായിക്കുന്നതിനുള്ള ഡിഫന്‍സ് കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. അടിയന്തര സേവനത്തിനായി മോട്ടോര്‍ സൈക്കിള്‍ യൂനിറ്റുകളുമൊരുക്കിയിട്ടുണ്ട്.
വരുന്ന ദിവസങ്ങളില്‍ 25 ലക്ഷത്തോളം വിദേശികളും സ്വദേശികളുമായ തീര്‍ഥാടകര്‍ ഇവിടെയെത്തുമെന്നാണ് നിഗമനമെന്ന് സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മുബ്‌ഡെല്‍ അറിയിച്ചിട്ടുണ്ട്.
ഉംറ നിര്‍വഹിച്ചും മദീന സിയാറത്ത് പൂര്‍ത്തിയാക്കിയും തിരിച്ചുപോകുന്നവരും റമദാനിലെ പുണ്യദിവസങ്ങള്‍ മക്കയിലും മദീനയിലും കുടുംബ സമേതം ചെലവഴിക്കുന്നവരുമുണ്ട്.
വേനലവധിക്കാലമായതിനാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചെങ്കിലും റമദാനായതിനാല്‍ അധിക സഊദി കുടുംബങ്ങളും വിദേശങ്ങളിലേക്ക് പോയിട്ടില്ല. റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും പുണ്യദിവസങ്ങള്‍ മക്കയിലും മദീനയിലും ചെലവഴിക്കുന്നതിനായി സഊദി കുടുംബങ്ങള്‍ ഹോട്ടലുകളില്‍ മുറികളെടുത്ത് കഴിയുകയാണ്.
പെരുന്നാളിനു ശേഷമാകും അധിക കുടുംബങ്ങളും വിദേശങ്ങളിലേക്ക് പോവുക. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ജവാസാത്തിന്റെയും ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മക്കയിലും മദീനയിലുമായി എട്ടു ലക്ഷത്തോളം വിദേശ തീര്‍ഥാടകരുണ്ട്. റമദാന്‍ അവസാനത്തിലേക്ക് അടുക്കുന്നതോടെ തീര്‍ഥാടകരുടെ എണ്ണം ഇനിയും വര്‍ധിക്കും.
ഹറമില്‍ ഇഅ്തികാഫ് ഇരിക്കുന്നതിന് ആഗ്രഹിക്കുവരുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ റമദാന്‍ ആദ്യം മുതല്‍ തന്നെ ആരംഭിച്ചിരുന്നു. നമസ്‌കാര പടം (മുസല്ല), തലയിണ, ഒരു സെറ്റ് ഇഹ്‌റാം തുണി എന്നിവ സൂക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കും പ്രത്യേക അലമാരകള്‍ ഹറംകാര്യ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."