രാക്കുരുക്ക്: നിരാഹാരത്തിലുള്ളവരുടെ ആരോഗ്യനില വഷളായി, അറസ്റ്റ് ചെയ്യാനെത്തിയാല്‍ തടയുമെന്ന് മുന്നറിയിപ്പ്: കേസില്‍ കബില്‍ സിബല്‍ ഹാജരാകും
സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് യുവജനകൂട്ടായ്മ നേതാക്കള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം ഒമ്പത് ദിനം പിന്നിടുന്നു. സമരത്തിലുള്ളവരുടെ ആരോഗ്യനില മോശമായി തുടരുന്ന സാഹചര്യത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് നീക്കും. എന്നാല്‍ ഇത്ര ദിവസമായിട്ടും ജില്ലാ കലക്ടറടക്കം ആരും ഇതുവരെ തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും അറസ്റ്റ് ചെയ്യാന്‍ വന്നാല്‍ തടയുമെന്നുമാണ് സമരക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ട്രാന്‍സ്പോര്‍ട്ട് പ്രൊട്ടക്ഷന്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ യുവജന സംഘടനകളെ പ്രതിനിധീകരിച്ച് അഞ്ചുപേരാണ് നിരാഹാര സമരമിരിക്കുന്നത്. ഇവരുടെ ആരോഗ്യനില വഷളായി തുടങ്ങിയിട്ടുണ്ട്.
അതേ സമയം സമരത്തിന് ഐക്യദാര്‍ഢ്യവുമായി രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സമരപ്പന്തലില്‍ എത്തും. കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ് ശ്രീധരന്‍പിള്ളയും വ്യാഴാഴ്ച സമരക്കാര്‍ക്ക് പിന്തുണയറിയിക്കാന്‍ എത്തും.
അതേ സമയം സുപ്രിംകോടതിയില്‍ കേസില്‍ കപില്‍ സിബല്‍ ഹാജരാകും. എംപിയായ രാഹുല്‍ ഗാന്ധിയാണ് കേസ് ഏറ്റെടുക്കാന്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടത്.
ഒക്ടോബര്‍ 14ന് കേസ് വീണ്ടും പരിഗണിക്കുമ്പോഴാവും മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ എത്തുക. കോഴിക്കോട് എംപി എംകെ രാഘവന് വേണ്ടിയാവും കപില്‍ സിബല്‍ ഹാജരാവുക.
വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം ഏറുകയാണ്. കഴിഞ്ഞ ദിവസം കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്രതിഷേധ പ്രകടനത്തില്‍ അണിനിരന്നത്.
ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുളള വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയാണ് സുല്‍ത്താന്‍ ബത്തേരിയുടെ രാജവീഥികളെ പ്രകമ്പനംകൊള്ളിച്ച് പ്രകടനം നടത്തിയത്.
രാത്രി യാത്രാനിരോധനത്തില്‍ പ്രതിഷേധിച്ച് സുല്‍ത്താന്‍ബത്തേരി സ്വതന്ത്ര മൈതാനിയില്‍ തുടങ്ങിയ നിരാഹാര സമരപ്പന്തലില്‍ ആയിരക്കണക്കിന് ആളുകളാണ് രാപകലില്ലാതെ എത്തുന്നത്. കഴിഞ്ഞ ദിവസം കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ നിന്ന് മുത്തങ്ങയിലേക്ക് 13 കി.മീറ്റര്‍ ലോങ് മാര്‍ച്ച് നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."