ഇസ്റാഈലില്‍ ഭീകരാക്രമണം നടത്തിയെന്ന് ഐ.എസ്
തെല്‍അവീവ്: കഴിഞ്ഞ ദിവസം ജറൂസലമില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഐ.എസും ഹമാസും. ഇസ്റാഈല്‍ അതിര്‍ത്തി സുരക്ഷാ സൈനിക ഉദ്യോഗസ്ഥ കൊല്ലപ്പെട്ട സംഭവത്തിലാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് ഇരു സംഘടനങ്ങളും രംഗത്തെത്തിയത്. എന്നാല്‍, അക്രമികള്‍ക്ക് ഭീകരസംഘങ്ങളുമായി ബന്ധമില്ലെന്ന് ഇസ്റാഈല്‍ സൈനിക വക്താവ് അറിയിച്ചു.
ഇതാദ്യമായാണ് ഇസ്റാഈലില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുന്നത്. ഖിലാഫത്ത് സൈന്യം ജൂതക്കൂട്ടത്തെ ആക്രമിച്ചുവെന്ന് ഐ.എസ് വെബ്സൈറ്റായ അമാഖ് അറിയിച്ചു. ഇനിയും ആക്രമണമുണ്ടാകുമെന്നും വെബ്സൈറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏപ്രിലില്‍ സീനായില്‍ നടന്ന റോക്കറ്റ് ആക്രമണത്തിനു പിന്നില്‍ തങ്ങളാണെന്ന് നേരത്തെ ഐ.എസ് അവകാശപ്പെട്ടിരുന്നു.
അതേസമയം, ഐ.എസ് അവകാശവാദങ്ങളെ ഹമാസ് വക്താവ് സാമി അബൂ സുഹ്രി തള്ളിക്കളഞ്ഞു. ആക്രമികളില്‍ ഒരാള്‍ ഹമാസ് അംഗവും ബാക്കി രണ്ടുപേര്‍ പോപുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്(പി.എഫ്.എല്‍.എഫ്) പ്രവര്‍ത്തകരുമാണെന്ന് സുഹ്്രി അറിയിച്ചു.
വെള്ളിയാഴ്ച രാത്രി ദമസ്കസ് അതിര്‍ത്തിക്കടുത്ത സുല്‍ത്താന്‍ സുലൈമാന്‍ സ്ട്രീറ്റിലാണ് തോക്കുകളും കത്തികളുമായി മൂന്നുപേര്‍ ഇസ്റാഈല്‍ സൈന്യത്തിനു നേരെ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഒരു പൊലിസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടതിനു പുറമെ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
ആക്രമികളെ സ്ഥലത്തുവച്ചു തന്നെ സൈന്യം വെടിവച്ചു കൊന്നതായി ഇസ്റാഈല്‍ സൈന്യം അവകാശപ്പെട്ടു. അക്രമികള്‍ ഫലസ്തീന് സ്വദേശികളാണെന്ന് ഇസ്റാഈല്‍ സൈന്യം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."