വിജയത്തുടക്കമിട്ട് റഷ്യ
മോസ്ക്കോ: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് വിജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അവര്‍ ന്യൂസിലന്‍ഡിനെ കീഴടക്കി വിജയത്തുടക്കമിട്ടു. ഇരു പകുതികളിലായാണ് റഷ്യയുടെ ഗോളുകള്‍ പിറന്നത്. ആദ്യ പകുതിയില്‍ ന്യൂസിലന്‍ഡ് താരം മിഷേല്‍ ബോക്സെല് സെലഫ് ഗോളിലൂടെ റഷ്യക്ക് ലീഡൊരുക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ വിജയ ഗോള്‍ റഷ്യന്‍ മുന്നേറ്റ താരം ഫെദോര്‍ സ്മോലോവിന്റെ വകയായിരുന്നു.
ഇരു പക്ഷവും പ്രതിരോധത്തിന് മുന്‍തൂക്കം നല്കി 5-3-2 ശൈലിയിലാണ് ടീമിനെ വിന്യസിപ്പിച്ചത്. അന്താരാഷ്ട്ര വേദിയില്‍ ന്യൂസിലന്‍ഡ് താരങ്ങളേക്കാള്‍ അധികം പരിചയ സമ്പത്തുള്ള റഷ്യ അതിന്റെ മുന്‍തൂക്കം മുതലെടുത്തു. തുടക്കം മുതല്‍ അവര്‍ അക്രമിച്ചു മുന്നേറി. 31ാം മിനുട്ടില്‍ റഷ്യന്‍ താരം ഡെനിസ് ഗ്ലുഷകോവിന്റെ ഗോള്‍ ശ്രമം തടയാനുള്ള ന്യൂസിലന്‍ഡ് താരങ്ങളുടെ ശ്രമം പാളി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനിടെ ന്യൂസിലന്‍ഡ് പ്രതിരോധ താരം മിഷേല്‍ ബോക്സെല്ലിന്റെ അബദ്ധം സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ന്യൂസിലന്‍ഡിന് തിരിച്ചടി നല്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ റഷ്യ സെല്‍ഫ് ഗോളിന്റെ പിന്‍ബലത്തില്‍ ഒരു ഗോളിന് മുന്നില്‍. രണ്ടാം പകുതിയിലും റഷ്യ മുന്നേറി കളിച്ചു. 69ാം മിനുട്ടില്‍ മുന്നേറ്റ താരം ഫെദോര്‍ സ്മോലോവ് റഷ്യക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചു.
ഈ മാസം 21ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ റഷ്യ കരുത്തരായ പോര്‍ച്ചുഗലുമായും ന്യൂസിലന്‍ഡ് മെക്സിക്കോയുമായും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."