ശ്രീകാന്ത് ഫൈനലില്‍
ജകാര്‍ത്ത: ലോക റാങ്കിങില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയന്‍ താരം സന്‍ വാന്‍ ഹുവിനെ അട്ടിമറിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് പ്രീമിയര്‍ ബാഡ്മിന്റണിന്റെ ഫൈനലിലെത്തി. തുടക്കം മുതല്‍ വന്‍ അട്ടിമറികള്‍ നടത്തി കുതിച്ചെത്തിയ മലയാളി താരം എച്.എസ് പ്രാണോയിക്ക് സെമിയില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നു. ഇന്ന് നടക്കുന്ന ഫൈനലില്‍ ശ്രീകാന്ത് പ്രാണോയിയെ പരാജയപ്പെടുത്തിയ ജപ്പാന്‍ താരം കസുമസ സാകയിയുമായി ഏറ്റുമുട്ടും.
ഇന്തോനേഷ്യ സൂപ്പര്‍ സീരീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രീകാന്ത് മാറി. ഒപ്പം തുടര്‍ച്ചയായ രണ്ട് സൂപ്പര്‍ സീരീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ശ്രീകാന്തിന്റെ പേരിലായി. നേരത്തെ ഏപ്രിലില്‍ സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ താരമെത്തിയിരുന്നു. കരിയറിലെ നാലാം സൂപ്പര്‍ സീരീസ് ഫൈനലാണ് ഇന്ത്യന്‍ താരം കളിക്കാന്‍ പോകുന്നത്. 2014ല്‍ ചൈന ഓപണ്‍, 2015 ഇന്ത്യ ഓപണ്‍ ഫൈനലുകളിലും താരം കളിച്ചിരുന്നു. 2014ല്‍ കിരീടം സ്വന്തമാക്കാനും ശ്രീകാന്തിന് സാധിച്ചു.
കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ശ്രീകാന്ത് സെമിയില്‍ ലോക രണ്ടാം നമ്പര്‍ താരത്തിനെതിരേ പുറത്തെടുത്തത്. ഒരു മണിക്കൂറും 12 മിനുട്ടും നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ 21-15, 18-21, 24-22 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയം സ്വന്തമാക്കിയത്. ആറാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നത്. കഴിഞ്ഞ നാല് തവണയും വിജയം സന്‍ വാനിനൊപ്പമായിരുന്നു. എന്നാല്‍ ഇന്നലെ അതൊന്നും ശ്രീകാന്തിന്റെ പ്രകടനത്തെ ബാധിച്ചില്ല. ആദ്യ സെറ്റില്‍ ആധികാരിക വിജയം സ്വന്തമാക്കിയ ശ്രീകാന്ത് രണ്ടാം സെറ്റില്‍ ഇഞ്ചോടിഞ്ച് പൊരുതി വീണെങ്കിലും മൂന്നാം സെറ്റില്‍ കടുത്ത വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് സെറ്റും വിജയവും സ്വന്തമാക്കി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.
രണ്ടാം നമ്പര്‍ താരത്തിനെതിരേ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന പോരാട്ടമാണ് ശ്രീകാന്ത് പുറത്തെടുത്തത്. ഇന്ത്യന്‍ താരത്തിന്റെ കരുത്തുറ്റ സ്മാഷുകള്‍ക്ക് കൊറിയന്‍ താരത്തിന് മറുപടികളില്ലാതെ പോയത് കളിയില്‍ നിര്‍ണായകമായി. ആദ്യ സെറ്റില്‍ 3-3 എന്ന നിലയില്‍ തുടക്കം മുതല്‍ മത്സരം കടുത്തെങ്കിലും പതുക്കെ ശ്രീകാന്ത് പിടിമറുക്കി. സ്‌കോര്‍ 11-6 എന്ന ലീഡില്‍ ഇന്ത്യന്‍ താരം മുന്നേറി. പിന്നീട് തുടരെ തുടരെയുള്ള സ്മാഷുകളില്‍ പോയിന്റ് വാരി ഇന്ത്യന്‍ താരം ലീഡ് 18-13 ആക്കി ഉയര്‍ത്തി. രണ്ടാം സെറ്റില്‍ ശ്രീകാന്ത് 4-2 എന്ന ലീഡില്‍ തുടങ്ങിയെങ്കിലും സന്‍ സ്‌കോര്‍ 9-9ലും പിന്നീട് 13-13ലും എത്തിച്ചു. പിന്നീട് സെറ്റ് കൊറിയന്‍ താരം സ്വന്തമാക്കി. നിര്‍ണായക മൂന്നാം സെറ്റില്‍ വിജയ പരാജയങ്ങള്‍ മാറിമറിഞ്ഞു. ഒരു ഘട്ടത്തില്‍ സന്‍ 10-13 എന്ന നിലയില്‍ മുന്നിലായിരുന്നു. എന്നാല്‍ 14-14 എന്ന നിലയിലും പിന്നീട് 19-19 എന്ന നിലയിലും മത്സരം പുരോഗമിച്ചു. സ്‌കോര്‍ 22-22 എന്ന നിലയില്‍ നില്‍ക്കെ ക്രോസ് കോര്‍ട്ട് സ്മാഷുകളിലൂടെ ഇന്ത്യന്‍ താരം വിജയം സ്വന്തമാക്കി.
വന്‍ അട്ടിമറികളിലൂടെ തരംഗം തീര്‍ത്ത് മുന്നേറിയ മലയാളി താരം പ്രാണോയിക്ക് ആ മികവ് സെമിയില്‍ പുറത്തെടുക്കാന്‍ സാധിച്ചില്ല. ജപ്പാന്‍ താരം കസുമസ സകായ് പ്രാണോയിയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറി. കരിയറിലെ ആദ്യ സൂപ്പര്‍ സീരീസ് ഫൈനലിലാണ് ജപ്പാന്‍ താരം എത്തിയത്. സ്‌കോര്‍: 21-17, 26-28, 18-21. ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് പിന്നീടുള്ള രണ്ട് സെറ്റുകളില്‍ പ്രാണോയ് തോല്‍വി വഴങ്ങിയത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും അന്തിമ വിജയം സകായി പിടിച്ചെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."