കോഴിക്കോട് മുന്‍ കലക്ടര്‍ 25.73 ലക്ഷം തിരിച്ചടക്കണം
കോഴിക്കോട്: സര്‍ക്കാര്‍ വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന് കോഴിക്കോട് ജില്ല മുന്‍ കലക്ടര്‍ എന്‍. പ്രശാന്തില്‍നിന്നു 25.73 ലക്ഷം രൂപ ഈടാക്കാന്‍ നിര്‍ദേശം.
റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ധനകാര്യ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തില്‍നിന്നും 25,73,385 രൂപ പിഴയായി ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്. ഇപ്പോള്‍ കേന്ദ്ര സര്‍വിസിലുള്ള പ്രശാന്ത് 2015 ല്‍ കോഴിക്കോട് കലക്ടറായിരിക്കെ ചട്ടവിരുദ്ധമായി വാഹനങ്ങള്‍ വാങ്ങുകയും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും ചെയ്‌തെന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീറിന്റെ പരാതിയിലാണ് നടപടി. റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് രണ്ട് ബെലോറോ വാഹനങ്ങള്‍ വാങ്ങാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. ഇതിന് പകരമായി ഫോര്‍ഡ് ആസ്പിയര്‍ വാഹനങ്ങള്‍ വാങ്ങിയ എന്‍. പ്രശാന്തിന്റെ നടപടി തെറ്റാണെന്ന് ധനകാര്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വാഹനം വാങ്ങിയതിലും ഉപയോഗിച്ചതിലുമൊക്കെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കിയതായി അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സര്‍ക്കാരിന് നഷ്ടം വന്ന തുകയും പിഴയും തിരിച്ചടപ്പിക്കാന്‍ ഇക്കഴിഞ്ഞ മാസം 10ന് ധനകാര്യ വകുപ്പാണ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."